ഏഴാം ക്ലാസുകാരന് വീടുവെച്ച് നല്‍കാമെന്ന് നൽകിയ വാക്ക് പാലിച്ച് കെബി ഗണേഷ്‍കുമാർ എംഎൽഎ. പത്തനാപുരം കമുകുംചേരിയിലെ അർജുനും അമ്മ അഞ്ജുവിനുമാണ് ഓണ സമ്മാനമായി വീട് സമർപ്പിച്ച് എംഎൽഎ വാക്ക് പാലിച്ചത്. കൂടാതെ വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും ചേർന്നാണ് ഗൃഹപ്രവേശനം നിർവഹിച്ചത്. നാട്ടുകാരും ജനപ്രതിനിധികളും അടക്കം ഒട്ടനവധി പേർ ചടങ്ങിൽ പങ്കാളികളായി. സ്വന്തം നിലയിൽ വീട് വെച്ചു നൽകുമെന്നായിരുന്നു എംഎൽഎയുടെ വാഗ്ദാനം. ഓണത്തിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അർജുന്‍റെ അമ്മ അഞ്ജുവിന് കുടുംബ സ്വത്തായി ലഭിച്ച പത്ത് സെന്‍റ് ഭൂമിയിലാണ് വീട്.
ഒരു ചടങ്ങിൽ അർജുന്‍റെയും അമ്മയുടെയും പ്രയാസങ്ങൾ നേരിട്ടറിഞ്ഞ കെ.ബി. ഗണേഷ് കുമാര്‍ വീടുവെച്ച് നൽകാമെന്ന വാഗ്ദാനം നൽകുകയായിരുന്നു. തറക്കല്ലിടുന്ന വിഡിയോയും അര്‍ജുനെ തന്‍റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന എം.എൽ.എയുടെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.
രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയ അർജുൻ അമ്മക്കൊപ്പമാണ് താമസിക്കുന്നത്. അർജുന്റെ അമ്മയ്ക്ക് റേഷൻ കടയിലെ ജോലിയിൽനിന്നുള്ള വരുമാനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. തറക്കല്ലിടൽ നടത്തി അഞ്ച് മാസം തികയുമ്പോഴാണ് വീടിന്റെ താക്കോൽ കൈമാറിയത്. അതേസമയം അര്‍ജുന്‍റെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വീടിന്‍റെ നിര്‍മാണത്തിനായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.