ഇനിയുള്ള രാഷ്ട്രീയക്കാർ ഉമ്മൻ ചാണ്ടിയാകാൻ ശ്രമം നടത്തണമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ഇ.കെ നായനാരുടെ മകൻ കൃഷ്ണകുമാർ. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയെ സംസ്കരിച്ചിരിക്കുന്ന കല്ലറയിലെത്തി പ്രാർഥിച്ചതിന് ശേഷം മടങ്ങവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജനങ്ങളോട് നേതാക്കൾ പുലർത്തുന്ന ബന്ധത്തിന് അവർ നൽകുന്ന പ്രതിഫലമാണ് ഉമ്മൻ ചാണ്ടിക്കു ലഭിച്ചതുപോലെയുള്ള ജനങ്ങളുടെ സ്നേഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ജനങ്ങളെ ആരും നിർബന്ധിച്ച് പറഞ്ഞയയ്ക്കുന്നതല്ല. അവർ കടലുപോലെ ഒഴുകിവരുന്നതാണെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.
കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത ഒരു വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടി സാറിന്റേത്. കുറേ നേരം ഉമ്മൻ ചാണ്ടി സാറിന്റെ അടുത്തിരുന്ന് എന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും ആദരാഞ്ജലി അർപ്പിക്കാനാണ് ഇവിടെ എത്തിയത്. ഉമ്മൻ ചാണ്ടി സാർ ആരായിരുന്നു എന്നത് കഴിഞ്ഞ മൂന്നാല് ദിവസമായി കേരളം കണ്ടതാണ്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന് വളരെ വ്യക്തമായ സന്ദേശമാണ് ഉമ്മൻ ചാണ്ടി സാർ കേരളത്തിന് നൽകിയിരിക്കുന്നത്. അതേസമയം ഉമ്മൻ ചാണ്ടി സാർ ബാക്കിയാക്കി പോയത് പൂർത്തീകരിക്കുക എന്നത് ഇനി വരുന്ന തലമുറയ്ക്കുള്ള വലിയൊരു ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബവുമായി അദ്ദേഹത്തിന് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അച്ഛനുമൊത്ത് നിയമസഭയിൽ കുറേക്കാലം ഒരുമിച്ചുണ്ടായിരുന്നു. പലതവണ ഉമ്മൻ ചാണ്ടി സാറിനെ കണ്ടിട്ടുണ്ട്. അദ്ദേഹത്തോട് ഒരുപാടു സംസാരിച്ചിട്ടുണ്ട്. അദ്ദേഹം സംസാരിക്കാനുള്ള സമയവും കണ്ടെത്തിയിട്ടുണ്ട്. കാണാനെത്തുന്ന അവസാനത്തെ ആളെ വരെ കണ്ട് അവരുടെ കണ്ണീരൊപ്പുന്നതായിരുന്നു അദ്ദേഹത്തിന്റെ എപ്പോഴത്തെയും ശീലം. സ്നേഹം, കാരുണ്യം, സഹാനുഭൂതി തുടങ്ങിയ ഗുണങ്ങൾ ഏറ്റവുമധികം ഉണ്ടായിരുന്ന വ്യക്തിയാണ് ഉമ്മൻ ചാണ്ടി സാർ എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.