ഡിവൈഎഫ്ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയെ പിന്തുണച്ചുകൊണ്ട് ഗായിക പ്രസീത ചാലക്കുടി പങ്കുവച്ച വീഡിയോയ്ക്ക് സംഘപരിവാറിന്റെ സൈബർ ആക്രമണം. കേരളത്തോട് കേന്ദ്രസർക്കാർ അവഗണന കാണിക്കുന്നുവെന്ന വീഡിയോ പോസ്റ്റ് ചെയ്ത ഡിവൈഎഫ്‌ഐയുടെ ഫേസ്ബുക്ക് പേജിൽ കമന്റുകളായും സന്ദേശങ്ങൾ വഴിയുമാണ് ഭീഷണി മുഴക്കുന്നത്.
ഡിവൈഎഫ്‌ഐയുടെ മനുഷ്യ ചങ്ങല പരിപാടിക്ക് അഭിവാദ്യം അർപ്പിച്ച് വീഡിയോ ചെയ്തതിന്റെ പേരിലാണ് വ്യാപകമായി വിദ്വേഷ പ്രചാരണം നടക്കുന്നത്. ‘നീ ക്ഷേത്രങ്ങളിലേക്ക് വാ.. നിന്നെ കാണിച്ച് തരാം, നിനക്ക് ഇനി ക്ഷേത്രങ്ങളിൽ ഇടമില്ല’ എന്നിങ്ങനെയാണ് ഭീഷണി. അതേസമയം ഹിന്ദു വിശ്വാസം തെറ്റാണ് എന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ പോസ്റ്റർ പ്രചാരണം നടക്കുന്നതായി പ്രസീത പറഞ്ഞു. സൈബർ ആക്രമണത്തിനെതിരെ ശക്തമായ നടപടി വേണമെന്നും സോഷ്യൽ മീഡിയയിൽ പുറത്തുവിട്ട വീഡിയോയിൽ പ്രസീത വ്യക്തമാക്കി.
ഈശ്വര വിശ്വാസം തീപന്തമാണ്. അതെടുത്ത് ഒരിക്കലും തലചൊറിയരുത് എന്നാണ് വിമർശകരോട് പ്രസീത പറയുന്നത്. എല്ലാ വർഷവും ഭർത്താവും മകനും മുടങ്ങാതെ ശബരിമലയ്ക്ക് പോകാറുണ്ട്. വിശ്വാസങ്ങളെ അങ്ങേയറ്റം മാനിക്കുന്നയാളാണ് താനെന്നും പ്രസീത വീഡിയോയിൽ പറയുന്നു. തന്നെയും തൻറെ പാട്ടുകളെയും ഇഷ്ടമുള്ളവർ എന്നും തന്റെ കൂടെയുണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പ്രസീത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ വ്യക്തമാക്കി.