പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കോണ്‍ഗ്രസ് കർണാടക പൊലീസില്‍ പരാതി നല്‍കി . കോണ്‍ഗ്രസിനെ ഭീകരവാദികളുമായി താരതമ്യം ചെയ്തു എന്നാരോപിച്ചാണ് പരാതി. കോണ്‍ഗ്രസിനെ ആപമാനിക്കുക എന്ന ദുരുദ്ദേശ്യമാണ് പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ഉള്ളതെന്ന് പരാതിയില്‍ പറയുന്നു. കർണാടകയിലെ ചിത്രദുർഗയിൽ നടന്ന പ്രചാരണറാലിയിൽ സംസാരിക്കവേ ആയിരുന്നു പരാമർശം.
കോൺഗ്രസിന്റെ ചരിത്രം ഭീകര പ്രവർത്തനത്തെയും ഭീകരരെയും പ്രീതിപ്പെടുത്തുന്നതാണ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. രാജ്യത്ത് സർജിക്കൽ സ്ട്രൈക്കുകളും ഭീകര പ്രവർത്തനങ്ങളും നടന്നപ്പോൾ ഇന്ത്യയുടെ പ്രതിരോധ സേനയെ കോൺഗ്രസ് പാർട്ടി ചോദ്യം ചെയ്തിട്ടുണ്ട്. കോൺഗ്രസും ജെഡിഎസും ഭീകരതയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. കർണാടകയിൽ ഒരിക്കലും നിക്ഷേപം വർധിപ്പിക്കാനോ യുവാക്കൾക്ക് തൊഴിൽ നൽകാനോ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു.
കോൺഗ്രസിന്റെ ചരിത്രം സംസ്ഥാനത്തെ ജനങ്ങൾ ഒരിക്കലും മറക്കില്ല. ഡൽഹി ബാട്ല ഹൗസ് ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ ഭീകരവാദിയുടെ മരണം അറിഞ്ഞ് ഒരു കോൺഗ്രസ് നേതാവ് കരഞ്ഞിട്ടുണ്ട്. കൂടാതെ കർണാടകയിൽ കോൺഗ്രസ് ഭീകരവാദത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കുന്നെന്ന് എല്ലാവരും കണ്ടിട്ടുള്ളതാണ്. അതേസമയം ഭീകരവാദികളുടെ നട്ടെല്ല് തകർത്തത് ബിജെപിയാണ്. കർണാടകത്തെ നമ്പർ വൺ ആക്കുന്നതിന് സംസ്ഥാനം സുരക്ഷിതമായിരിക്കേണ്ടത് അത്യാവശ്യമാണ്. കോൺഗ്രസിന് മേലുള്ള ജനങ്ങളുടെ വിശ്വാസം ഇതിനോടകം തന്നെ തകർക്കപ്പെടുകയും ചെയ്തുവെന്ന് മോദി ചൂണ്ടിക്കാട്ടി.