തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരായ വ്യാജ വീഡിയോ വ്യാജ ട്വിറ്റർ ഹാൻഡിലിൽ അപ്ലോഡ് ചെയ്ത അബ്ദുൽ ലത്തീഫിന് ലീഗുമായി ബന്ധമില്ലെന്ന് കെ പി എ മജീദ്. എൽഡിഎഫിന്റെ ആരോപണം തള്ളി യുഡിഎഫും രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ദിവസം വിഷയം കത്തിക്കാനുള്ള ശ്രമമാണെന്നും പിടിയിലായ വ്യക്തിക്ക് ലീഗുമായി ബന്ധമുണ്ടെന്ന ആരോപണം എൽഡിഎഫിന്റെ കള്ളക്കഥയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതികരിച്ചു.
ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുഡിഎഫിന് യാതൊരു ബന്ധവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പൊലീസ് കൂടി കള്ളം പറയുകയാണെന്നും പ്രതിപക്ഷ നേതാവ്.
തെരഞ്ഞെടുപ്പ് തോൽവി ഭയന്നുള്ള നാടകമാണ് എൽഡിഎഫിന്റേത് എന്ന് രമേശ് ചെന്നിത്തല. അറസ്റ്റിലായ ആൾ ലീഗ് പ്രവർത്തകൻ അല്ലെന്ന് പി എം എ സലാമും പ്രതികരിച്ചു.
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ വീഡിയോ അപ്ലോഡ് ചെയ്ത ആൾ പിടിയിലായത് ഇന്ന് രാവിലെയായിരുന്നു. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ ലത്തീഫിനെയാണ് കോയമ്പത്തൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ പ്രതിയെ പിടികൂടിയതോടെ യുഡിഎഫിനെ കടന്നാക്രമിച്ച് എൽഡിഎഫ് നേതാക്കൾ രംഗത്ത് വന്നു. നാണവും മാനവുമുണ്ടെങ്കില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്നും കെപിസിസി പ്രസിഡന്റ് മാപ്പ് പറയണമെന്നും എം സ്വരാജ് പ്രതികരിച്ചു. സ്ഥാനാർത്ഥിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിരൽ ചൂണ്ടുന്നത് വിഡി സതീശനിലേക്കാണെന്ന് എൽഡിഎഫ് കൺവീനർ. തൃക്കാക്കരയില്‍ എല്‍ഡിഎഫ് വന്‍ ഭൂരിഭക്ഷത്തില്‍ വിജയിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു.