എൻസിപി പിളർത്തി ഏക്നാഥ് ഷിൻഡെ സർക്കാരിനൊപ്പം അജിത് പവാർ ചേർന്നതിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. സത്യം പുറത്തുവരുമെന്നും തളരാതെ മുന്നോട്ടു പോകുമെന്നും ശരദ് പവാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൻസിപിയെ തകർക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. അഴിമതിക്കാരായ ചിലർ അതുകേട്ട് ഭയന്നോടി ബിജെപി ചേരിയിലെത്തി. ഇപ്പോൾ അവർ അഴിമതിക്കാരല്ലാതായതിൽ സന്തോഷം. ആരൊക്കെ പോയാലും പുതിയ നേതൃനിരയുമായി മുന്നോട്ട് പോകും. പാർട്ടി നേതാക്കളുടെ യോഗം തിങ്കളാഴ്ച വിളിച്ചിട്ടുണ്ട്. യോഗത്തിൽ വിഷയം ചർച്ച ചെയ്യുമെന്ന് പവാർ പറഞ്ഞു.
1980ൽ സമാനമായ അവസ്ഥയുണ്ടായി. ഞാൻ നേതൃത്വം കൊടുത്തിരുന്ന പാർട്ടിക്ക് അന്ന് 58 എംഎൽഎമാരുണ്ടായിരുന്നു. പിന്നീട് അഞ്ചുപേരൊഴികെ എല്ലാവരും പോയി. പക്ഷേ വീണ്ടും എല്ലാം പടുത്തുയർത്തി. എന്നെ വിട്ടുപോയവരെല്ലാം പരാജയപ്പെട്ടു. എനിക്കു ജനങ്ങളിൽ വിശ്വാസമുണ്ട്. കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന് ആത്മവിശ്വാസമുണ്ടെന്നും പവാർ വിശദീകരിച്ചു.
മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ കഴിഞ്ഞ 9 വർഷമായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്നു വിശ്വസിക്കുന്നതിനാലാണ് താനും മറ്റു എൻസിപി എംഎൽഎമാരും മഹാരാഷ്ട്ര സർക്കാരിൽ ചേർന്നതെന്നായിരുന്നു അജിത് പവാറിന്റെ വിശദീരണം.