ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവുമായി ബഹ്റിനും. പരിസ്ഥിതി സൗഹാര്‍ദ്ദ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സെപ്റ്റംബര്‍ മുതലാണ് നിരോധനം നടപ്പാക്കുക. 35 മൈക്രോണിൽ താഴെ കട്ടിയുള്ള പ്ലാസ്റ്റിക്കുകൾക്കാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതി, നിര്‍മ്മാണം, വിതരണം എന്നിവയും നിരോധിച്ചിട്ടുണ്ട്. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയമാണ് പുതിയ ഉത്തരവിറക്കിയത്. വിലക്ക് മറികടന്നാന്‍ വന്‍ തുക പിഴ ഈടാക്കുമെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം പിഴ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ ഇപ്പോൾ വ്യക്തമാക്കിയിട്ടില്ല.
മലീകരണ നിയന്ത്രണത്തിന്‍റേയും സുസ്ഥിര വികസനത്തിന്‍റേയും ഭാഗമായാണ് നടപടിയെന്ന് ബഹ്റിന്‍ വ്യവസായ മന്ത്രി സായിദ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു. മെഡിക്കല്‍ ആവശ്യങ്ങൾക്കും കയറ്റുമതിയ്ക്കും ഉപയോഗിക്കുന്ന ബാഗുകളാണ് ഇളവുകളുടെ പട്ടികയില്‍ വരിക.
അതേസമയം യുഎഇയും പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവരികയാണ്. ജൂണ്‍ മുതല്‍ അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.