ജൂലായ് 1 മുതൽ റീട്ടെയിൽ, ടെക്സ്റ്റൈൽ, ഇലക്ട്രോണിക് സ്റ്റോറുകൾ, റെസ്റ്റോറന്റുകൾ, ഫാർമസികൾ എന്നിവ കൗണ്ടറുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് 25 ഫിൽസ് ഈടാക്കും. ഇ-കൊമേഴ്‌സ് ഡെലിവറികൾക്കും താരിഫ് ബാധകമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി.
ഒറ്റത്തവണ ഉപയോഗിക്കുന്ന ക്യാരിബാഗുകൾ പൂർണമായും നിരോധിക്കുന്നതുവരെ നയം വിവിധ ഘട്ടങ്ങളിലായി വിലയിരുത്തും. രണ്ടുവര്‍ത്തിനുളളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചിരുന്നു.
ഒാരോ വര്‍ഷവും നൂറുകണക്കിന് ഒട്ടകങ്ങളുടേയും ആമകളുേടയും ജീവന് പ്ലാസ്റ്റിക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറച്ച് പരിസ്ഥിതി സുസ്ഥിരത വർദ്ധിപ്പിക്കുന്ന നടപടികളെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയെന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ വ്യക്തമാക്കി. പ്ലാസ്റ്റിക് നിരോധനത്തെക്കുറിച്ച് താമസക്കാർക്കും റീട്ടെയിലർമാർക്കും ഉണ്ടായേക്കാവുന്ന എല്ലാ പ്രധാന ചോദ്യങ്ങൾക്കും കഴിഞ്ഞ ദിവസം മുനിസിപ്പാലിറ്റി ഉത്തരം നൽകിയിരുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ഓരോ ബാഗിനും 25 ഫിൽസിന്റെ താരിഫാണ് ബാധകമാക്കിയിട്ടുളളത്. പുനരുപയോഗിക്കാവുന്ന ബദലുകൾക്കും പണം ഈടാക്കാന്‍ അനുമതിയുണ്ട്. 57 മൈക്രോമീറ്ററിൽ താഴെ കനമുള്ള ബാഗുകൾക്കാണ് നിയന്ത്രണം. ദുബായ്ക്ക് പുറമെ അബുദാബി, അജ്മാന്‍ എമിറേറ്റുകളും പ്ലാസ്റ്റിക് ഉപയോഗത്തിന് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾ വിഘടിക്കാൻ 400 വർഷവും അവയുടെ പ്രതികൂല ഫലങ്ങൾ കുറയ്ക്കാൻ ആയിരക്കണക്കിന് വർഷവും എടുക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.. രാജ്യത്ത് ചത്തതായി കണ്ടെത്തിയ കടലാമകളിൽ 86 ശതമാനവും ഒട്ടകങ്ങളില്‍ 50 ശതമാനവും പ്ലാസ്റ്റിക് ഭക്ഷണത്തിന്‍റെ ഇരകളാണെന്നും പഠനങ്ങൾ കണ്ടെത്തിയിരുന്നു. പേപ്പര്‍ ബാഗുകളുടെ നിര്‍മ്മാണം വന്‍ തോതില്‍ മരങ്ങൾ മുറിക്കുന്നതിന് ഇടയാക്കുമെങ്കിലും പ്ലാസ്റ്റിനെ അപേക്ഷിച്ച് ആഘാതം കുറവാണെന്നാണ് വിലിയിരുത്തല്‍.