ഏക സിവിൽ കോഡിനെ ന്യായീകരിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം വർഗീയ അജണ്ട സെറ്റ് ചെയ്യാനുള്ള ശ്രമമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.
ഏക സിവിൽ കോഡിനെ മുസ്ലീം ലീഗ് ശക്തമായി എതിർക്കും. കർണാടക പാഠം മുന്നിലുണ്ട്. അത് മുന്നിൽ വെച്ച് പ്രതിപക്ഷം നേരിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ ഹിജാബ് ആയിരുന്നു വിഷയം. ഇപ്പോൾ ഏക സിവിൽ കോഡ് വിഷയമാക്കുന്നു. ഇത് വർഗീയ അജണ്ട സെറ്റ് ചെയ്യലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രിയുടേത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ്. ഭരണനേട്ടമൊന്നും പറയാനില്ലാത്തതുകൊണ്ടാണ് മോദി ഏക സിവിൽകോഡ് ചർച്ചയാക്കുന്നത്. ഏക സിവിൽ കോഡ് ഇന്ത്യക്ക് യോജിച്ചതല്ലെന്നും ഇത് ഭരണഘടന വിഭാവനം ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യത്യസ്ത ജാതി മത വിഭാഗങ്ങൾക്ക് ഒറ്റ നിയമം എങ്ങനെയാണ് സാധ്യമാകുക എന്ന് അദ്ദേഹം ചോദിച്ചു. രണ്ട് നിയമവുമായി ഒരു രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്നും ഭരണഘടന തുല്യ അവകാശങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും ഏക സിവിൽ കോഡിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.