മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം എത്തി വോട്ട് രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വീടിനടുത്തുള്ള ബൂത്തിലാണ് പിണറായി വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമല, മകൾ വീണ വിജയൻ എന്നിവരോടൊപ്പം പ്രാദേശിക നേതാക്കളും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. പിണറായിയിലെ അമല യൂപി സ്കൂളിലെ 161-ാം നമ്പര്‍ ബൂത്തിലാണ് പിണറായിക്കും കുടുബംത്തിനും വോട്ട്. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടു. ദല്ലാൾ നന്ദകുമാറുമായുള്ള ഇപി ജയരാജന്റെ അടുപ്പത്തെകുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്.
തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ പ്രചാരണങ്ങൾ അഴിച്ചുവിടാറുണ്ട്. അതിന്റെ ഭാഗമായേ ജനങ്ങൾ ഇതിനെ കാണുകയുള്ളൂ. പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വലിയ പരീക്ഷണങ്ങളിലൂടെ കടന്നുവന്നതാണ്. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ സിപിഎമ്മിനെതിരെയും എൽഡിഎഫിനെതിരെയും ഉന്നയിച്ചുള്ളതാണ്. അത്തരം ആരോപണത്തിൽ യാതൊരു കഴമ്പുമില്ലെന്ന് ജനങ്ങൾ മനസിലാക്കും.
കെ സുരേന്ദ്രൻ ഇതിന്റെ വക്താവായി മാറുന്നതിൽ അത്ഭുതമില്ല. എല്ലാ കാലത്തും ഈ രീതിയിലുള്ള തെറ്റായ പ്രചാരണങ്ങൾക്ക് ബിജെപിയുടെയും, യുഡിഎഫിന്റെയും, പ്രധാനമായും കോൺഗ്രസ് നേതാക്കൾ മുന്നിൽ നിൽക്കുന്നതാണ് കാണാറുള്ളത്. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജൻ. പക്ഷെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയായിടും” എന്ന്. ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.