മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും അമേരിക്കൻ, ക്യൂബ യാത്രകൾക്ക് കേന്ദ്ര സർക്കാറിൻറെ അനുമതി. ലോകകേരള സഭയുടെ മേഖല സമ്മേളനവും ലോക ബാങ്ക് പ്രതിനിധികളുമായുള്ള ചർച്ചകളുമാണ് അമേരിക്കൻ സന്ദർശനത്തിൻറെ അജണ്ട.
അടുത്ത മാസം 7 മുതൽ 18 വരെയാണ് യുഎസ്, ക്യൂബ സന്ദർശനം. അടുത്തിടെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രക്ക് അനുമതി നിഷേധിച്ച സാഹചര്യത്തിൽ യുഎസ് യാത്രക്കും അനുമതി കിട്ടുമോ എന്ന സംശയമുണ്ടായിരുന്നു.
ന്യൂയോർക്കിലാണ് ലോക് കേരള സഭാ മേഖലാ സമ്മേളനം. യുഎസ് യാത്രയിൽ പിണറായി വിജയനൊപ്പം സ്പീക്കർ എ.എൻ ഷംസീറും ധനമന്ത്രി കെഎൻ ബാലഗോപാലും ഉണ്ട്. ചീഫ് സെക്രട്ടറി അടക്കം 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. ആരോഗ്യമേഖലയിലെ നേട്ടങ്ങൾ വിലയിരുത്താനാണ് ക്യൂബ സന്ദർശനം. മുഖ്യമന്ത്രിക്കൊപ്പം ആരോഗ്യമന്ത്രിയും ക്യൂബക്ക് പോകുന്നുണ്ട്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെടെ 7 ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.