പീഡനക്കേസിൽ പി സി ജോർജിന് ജാമ്യം. ഉപാധികളോടെയാണ് ജോർജിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുറ്റപത്രം നൽകുന്നത് വരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. പരാതിക്കാരിയെയോ സാക്ഷികളെയോ സ്വാധീനിക്കരുത്, മുഴുവൻ സാമ്പത്തിക ഇടപാടുകളും എന്നിവയാണ് കോടതി വെച്ചിരിക്കുന്ന ജാമ്യ ഉപാധികൾ. കേസിൽ വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ജാമ്യ ഉത്തരവുണ്ടായത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് ജാമ്യം അനുവദിച്ചത്. ദൈവത്തിന് നന്ദിയെന്നും താൻ നിരപരാധി ആണെന്നും പി സി ജോർജ് പ്രതികരിച്ചു. കേസന്വേഷണത്തോട് നൂറുശതമാനം സഹകരിക്കുമെന്ന് കോടതിയിൽ പറഞ്ഞതായും മാധ്യമപ്രവർത്തകയോട് വികാരാധീനനായി സംസാരിച്ചതിൽ ക്ഷമ ചോദിക്കുന്നെന്നും പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
പി സി ജോർജിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ശക്തമായി വാദിച്ചു. മത വിദ്വേഷ പ്രസംഗം നടത്തിയതിൽ അടക്കം മറ്റ് കേസുകളിൽ പ്രതിയാണ്. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ട്. മുൻപ് കോടതി നൽകിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്ന് കൂടി പ്രോസിക്യൂഷൻ വാദിച്ചു. പി സി ജോർജ് നിലവിൽ 9 കേസുകളില്‍ പ്രതിയാണ്.
പരാതിക്കാരിക്ക് വിശ്വാസ്യതയില്ലെന്നാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചത്. അവര്‍ മുൻ മുഖ്യമന്ത്രിക്കെതിരെ അടക്കം ബലാത്സംഗ പരാതി നൽകിയ ആളാണ്. രാഷ്ട്രീയമായി കെട്ടിച്ചമച്ച കേസാണെന്നും പി സി ജോര്‍ജ് ഹൃദ്രോഗിയും രക്തസമ്മർദ്ദമുള്ളയാളും ആയതിനാൽ
ജയിലിലടക്കരുതെന്നും പ്രതിഭാഗം വാദിച്ചു. ‘കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കർട്ടന് പിന്നിൽ മറ്റ് പലരുമാണെന്നും പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നൽകി’യെന്നുമാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്.
പരാതിയുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് തന്നെ ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ടാണ് വിളിച്ചു വരുത്തിയതെന്നും ഇത്തരം ഒരു പരാതി ഉള്ള കാര്യം താൻ അറിയുകയോ അറിയിക്കുകയോ ചെയ്തില്ലെന്നും തനിക്ക് നിയമ നടപടികൾക്കുള്ള സമയം ലഭിച്ചില്ലെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നുമാണ് കോടതിയോട് ജോർജ് പറഞ്ഞത്.