പി സി ജോർജ് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കരയിൽ പോയ സംഭവത്തിൽ നിയമോപദേശം തേടാൻ പോലീസ്. ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണോ എന്നതിലാണ് പൊലീസ് നിയമോപദേശം തേടുക. പി സി ജോർജ് നടത്തിയ വിദ്വേഷ പ്രസംഗത്തെ ന്യായീകരിച്ച് വീണ്ടും സംസാരിച്ചതായും കോടതിയെ അറിയിക്കും. ശബ്ദസാംപിൾ ശേഖരണം ഈരാറ്റുപേട്ടയിലേക്ക് മാറ്റണമെന്ന ജോർജിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാനാണ് സാധ്യത.
വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യലിന് തിരുവനന്തപുരത്ത് എത്താനായിരുന്നു പോലീസ് നിർദേശം. അത് തള്ളിയാണ് ജോർജ് ഇന്നലെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഒപ്പം രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്നലത്തെ ചോദ്യം ചെയ്യലിൽനിന്ന് പി സി ജോർജ് ഒഴിവായത്. പകരം ചൊവ്വ, ബുധൻ ദിവസങ്ങളിൽ എത്താൻ തയാറാണെന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ ജോർജിന് സൗകര്യമുള്ള മറ്റൊരു ദിവസത്തേക്ക് ചോദ്യം ചെയ്യൽ മാറ്റേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം. അതുകൊണ്ട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത് ജാമ്യ വ്യവസ്ഥയുടെ
ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കോടതിയെ അറിയിച്ചിട്ടാവും തുടർനടപടി തീരുമാനിക്കുക.
പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് ജോർജിന് വിലക്കില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ചോദ്യം ചെയ്യലിന് ഹാജരാകാതെ പൊതുപരിപാടിക്ക് പോയതിലെ നിയമ ലംഘനത്തിനെതിരെ ആണ് പൊലീസ് നടപടിയെടുക്കാൻ ശ്രമിക്കുന്നത്.