ഗസലിനെ പ്രണയിച്ച ഗായകൻ പങ്കജ് ഉദാസ്(72) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതനായിരുന്ന അദ്ദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് വിടവാങ്ങിയത്. മകൾ നയാബ് ഉദാസ് സോഷ്യൽ മീഡിയയിലൂടെയാണ് പങ്കജ് ഉദാസിന്റെ മരണവിവരം അറിയിച്ചത്.
‘ചിട്ടി ആയി ഹെ’ പോലെ നിരവധി നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരിൽ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉദാസ്. ഗുജറാത്തിലെ ജറ്റ്പുർ ഗ്രാമത്തിൽ ജനിച്ച പങ്കജിന്റേത് സംഗീതതാൽപര്യമുള്ള ഒരു കുടുംബമായിരുന്നു. 1986ൽ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രത്തിലൂടെയാണ് പങ്കജ് പിന്നണി ഗായകൻ എന്ന നിലയിൽ ബോളിവുഡിൽ ചുവടുറപ്പിച്ചത്. പിന്നീട് എൺപതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലുമായി ബോളിവുഡ് പിന്നണിഗാനരംഗത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.
ചുപ്‌കെ ചുപ്കെ, യുൻ മേരെ ഖാത്ക, സായ ബാങ്കർ, ആഷിഖോൻ നെ ഖുതാരത്, തുജ രാഹ ഹൈ തൊ, ചു ഗയി, മൈഖാനെ സെ, ഏക് തരഫ് ഉസ ഗർ, ക്യാ മുജ്സെ ദോസ്‌തി കരോഗെ, മൈഖാനെ സേ, ഗൂൻഗാത്, പിനെ വാലോ സുനോ, റിഷ്‌തെ ടൂതെ, ആൻസു തുടങ്ങിയ ഗാനങ്ങൾ ഗസൽ പ്രേമികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കുന്നവയല്ല. സംഗീത ലോകത്തെ പങ്കജിന്റെ സംഭാവനകൾ കണക്കിലെടുത്ത് 2006-ൽ രാജ്യം പദ്‌മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. ഫരീദയാണ് പങ്കജ് ഉദാസിൻ്റെ ഭാര്യ.