പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവർത്തകൻ ഷാജഹാന്‍റെ മൃതദേഹം സംസ്കരിച്ചു. പാർട്ടി ഓഫീസിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ശേഷം പകൽ മൂന്നോടെ വൻ ജനാവലിയുടെ സാനിധ്യത്തിൽ കല്ലേപ്പുള്ളി ജുമാ മസ്‌ജിദിൽ മൃതദേഹം ഖബറടക്കി. ഒരുനാട് ഒന്നടങ്കം ഷാജഹാന് ആദരാഞ്ജലിയർപ്പിക്കാൻ ഒഴുകിയെത്തി.
മുദ്രാവാക്യം വിളികളോടെയാണ് സഹപ്രവര്‍ത്തകരും സഖാക്കളും ഷാജഹാനെ യാത്രയാക്കിയത്. ജില്ലാ ആശുപത്രി മോർച്ചറിക്ക് മുമ്പിൽ ഷാജഹാന്റെ ചേതനയറ്റ ശരീരമേറ്റി വന്‍ ജനാവലിയുടെ അകമ്പടിയോടെ പൊതുദര്‍ശനത്തിന് എത്തിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12 ന് പോസ്റ്റുമാർട്ടത്തിന് ശേഷം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലൻ, ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.കെ രാജേന്ദ്രൻ, എൻ എൻ കൃഷാൻദാസ്, ജില്ലാ സെക്രട്ടറിയറ്റംഗം എ.പ്രഭാകരൻ എംഎൽഎ, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ്ചന്ദ്രബോസ് എന്നിവർ മൃതദേഹത്തിൽ രക്തപതാക പുതപ്പിച്ചു. നിരവധി സംഘടനാ ഭാരവാഹികളും പാര്‍ട്ടിനേതാക്കളും അന്തിമോപചാരം അര്‍പ്പിക്കാനെത്തി.
പോസ്റ്റുമോര്‍ട്ടം നിഗമനം
ഷാജഹാന്‍റെ കൈകാലുകൾക്ക് മാരകമായി വെട്ടേറ്റിരുന്നു. ചോരവാർന്നാണ് മരണമെന്നാണ് പ്രഥമിക പോസ്റ്റുമാർട്ടം റിപ്പോര്‍ട്ട്. പൊലീസ് സർജൻ ഡോ പി.ബി ഗുജ്‌റാളിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമാർട്ടം. ഞായറാഴ്‌ച രാത്രി മരുതറോഡ് പ്രദേശത്ത് ഡിവൈഎഫ്‌ഐ ഫ്ലക്‌സിനു മുകളിൽ ശ്രീകൃഷ്ണ ജയന്തിയുടെ ഫ്ലക്‌സ് പ്രതികൾ സ്ഥാപിച്ചത് സംബന്ധിച്ച് വാക്കുതർക്കമുണ്ടാക്കിയിരുന്നു.ഇതേ തുടര്‍ന്ന പ്രതികൾ സംഘടിച്ച് ആക്രമണം നടത്തുകയായിരുന്നു.
പൊലീസ് പറയുന്നത്
ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നെന്ന് സിപിെഎഎം പറയുന്നു.രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസും വ്യക്തമാക്കി. എട്ട് ബിജെപി പ്രവർത്തകർ ചേർന്നാണ് കൃത്യം നടത്തിയതെന്നും ഒളിവിലുളളവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. ബിജെപി പ്രവർത്തകരായ ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരുടെ പേരുകളാണ് എഫ്ഐആറിൽ ഉള്ളത്. പ്രതികൾ മുമ്പ് സിപിെഎഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.
സിപിഎം നിലപാട്
ഷാജഹാന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് മരുതറോഡ് പഞ്ചായത്തിൽ സിപിഐഎം ഹർത്താൻ ആഹ്വാനം ചെയ്തിരുന്നു. പ്രദേശത്തും പാലക്കാട് നഗരത്തിലും പൊലീസ് കനത്ത കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ കലാപഭൂമിയാക്കാനുളള നീക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിെഎഎം നേതാക്കൾ പ്രതികരിച്ചു.