പത്മജയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ തന്നെ വിമർശിച്ച സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ എം.പിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. മുരളീധരനെപ്പോലെ പല പാർട്ടികളിൽ പോയിവന്നയാളല്ല താനെത്തും അദ്ദേഹത്തിന് വിമര്ശിക്കാന് അവകാശമില്ലെന്നും പത്മജ തുറന്നടിച്ചു. തന്നെ നാണംകെടുത്തിയിട്ടാണ് അവർ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നൽകിയത്. വൈസ് പ്രസിഡന്റായിരുന്ന തന്നെ തരംതാഴ്ത്തിയെന്നും അവർ വ്യക്തമാക്കി.
“കോൺഗ്രസ് എനിക്ക് അർഹമായ പരിഗണനയാണ് തന്നതെന്ന് പറയുമ്പോൾ ചിരിയാണ് വരുന്നത്. എന്നെ നാണംകെടുത്തിയിട്ടാണ് അവർ തന്നുവെന്ന് പറയുന്ന സ്ഥാനങ്ങളെല്ലാം നൽകിയത്. കോൺഗ്രസിൽ നിൽക്കേണ്ടെന്ന തീരുമാനം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ എടുത്തിരുന്നു. എത്രമാത്രം എന്നെ നടത്തി, നാണംകെടുത്തിയിട്ടാണ് ഇവർ പറയുന്നതെല്ലാം തന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ, വൈസ് പ്രസിഡൻ്റായ തന്നെ എക്സിക്യൂട്ടീവിലേക്ക് തരംതാഴ്ത്തി. നേതൃത്വത്തിലുള്ള ഒരാളെക്കുറിച്ച് പരാതിപ്പെട്ടത് അവർക്ക് പിടിച്ചില്ല. തൃശൂരിൽ ഒരു പോസ്റ്റർവെച്ചാൽ പോലും പത്മജയുണ്ടാവില്ല. ഞാൻ രാഷ്ട്രീയത്തിൽ ഇല്ലേയെന്ന് ആളുകൾ ചോദിച്ചുതുടങ്ങി.
ഞാൻ മുരളിയേട്ടനെമാതിരി പല പാർട്ടിയിൽ പോയി വന്ന ആളല്ല. ജനിച്ചപ്പോൾ തൊട്ട് ഈ വയസുവരെ ഈ പാർട്ടിയിൽനിന്ന ആളാണ്. അച്ഛൻ പോയിട്ടുപോലും ഞാൻ പോയിട്ടില്ല. ആ എന്നെ പറയാൻ മുരളിയേട്ടന് ഒരു അവകാശവുമില്ല. എല്ലാവരും ഒറ്റക്കെട്ടായി തനിക്കെതിരെ നിന്ന് അപമാനിച്ചു. അച്ഛൻ്റെ മന്ദിരം പണിയുമെന്ന ആഗ്രഹത്തിൽ എല്ലാം സഹിച്ചുനിന്നു. അതും നടക്കില്ലെന്ന് ഇപ്പോൾ മനസിലായി. മരിക്കുന്നതിന് മുമ്പും അച്ഛന് സങ്കടം, മരിച്ചതിന് ശേഷവും അദ്ദേഹത്തെ അപമാനിക്കുന്ന രീതി. ബിജെപിയുമായി അടുത്തിടെയാണ് ഞാൻ സംസാരിച്ചത്. ചാലക്കുടിയിൽ സ്ഥാനാർത്ഥിയാവുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വവുമായി യാതൊരു ചർച്ചയും നടന്നിട്ടില്ല” എന്നും പത്മജ വ്യക്തമാക്കി.