യുഎഇയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് ദിവസം രണ്ട് മണിക്കൂറില്‍ കൂടുതല്‍ അധികജോലി നൽകരുതെന്ന നിര്‍ദ്ദേശവുമായി മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം. മൂന്നാഴ്ചയില്‍ ഓവര്‍ടൈം ഉള്‍പ്പെടെ 144 മണിക്കൂറിലേറെ ജോലിചെയ്യിക്കരുതെന്നാണ് പുതുക്കിയ വ്യവസ്ഥ.അധികജോലി നല്‍കുമ്പോള്‍ അടിസ്ഥാന വേതനം കണക്കാക്കി അധിക വേതനവും നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
ശമ്പളത്തിന്‍റെ 25 ശതമാനത്തില്‍ കുറയാത്ത തുകയാണ് അധിക വേതനം നല്‍കേണ്ടത്. രാത്രി പത്തിനും പുലര്‍ച്ചെ നാലിനുമിടയിലാണ് അധിക ജോലി നല്‍കുന്നതെങ്കില്‍ സാധാരണ വേതനത്തിന്‍റെ അമ്പത് ശതമാനത്തില്‍ കുറയാത്ത തുക കൂലിയായി നല്‍കണം. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. അധിക ദിവസം ജോലി ചെയ്യേണ്ടി വന്നാലും കൂലി അമ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ല.
വ്യാപാരകന്ദ്രങ്ങൾ, കാന്‍റീനുകൾ, ഹോട്ടലുകൾ, സെക്യൂരിറ്റി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊഴികെ അധിക സമയം തൊഴിലെടുപ്പിച്ചാല്‍ മറ്റ് ദിവസങ്ങളില്‍ തൊഴില്‍ സമയം കുറച്ചുകൊടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. തൊഴിലാളിയുടെ രണ്ട് ദിവസത്തെ അവധി ഒഴിവാക്കാന്‍ പാടില്ലെന്നും മാനവവിഭവശേഷി- സ്വദേശിവൽക്കരണ മന്ത്രാലയം വ്യക്തമാക്കി..