ഓറിയോ ബിസ്‌കറ്റില്‍ ആല്‍ക്കഹോളിൻ്റെ അംശവും പന്നിക്കൊഴുപ്പും ചേർത്തിട്ടുണ്ടെന്ന് സോഷ്യല്‍ മീഡിയ പ്രചരണം വ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി യുഎഇ അധികൃതര്‍. ബിസ്‌ക്കറ്റില്‍ പോർക്ക് ഫാറ്റോ ആല്‍ക്കഹോളോ അടങ്ങിയിട്ടില്ലെന്നും നടക്കുന്നത് വ്യാജ പ്രചാരണമാണെന്നും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഓറിയോ ബിസ്‌ക്കറ്റ് ചരക്കുകളും പരിശോധിച്ച് അവയുടെ രേഖകള്‍ ഉറപ്പ് വരുത്തിയതായി അതോറിറ്റി (അദാഫ്‌സ) കൂട്ടിച്ചേർത്തു.
സോഷ്യല്‍ മീഡിയയില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് അധികാരികള്‍ പരിശോധന നടത്തിയത്. ആല്‍ക്കഹോള്‍, പന്നിക്കൊഴുപ്പ് (പന്നിക്കൊഴുപ്പ്) ഡെറിവേറ്റീവുകള്‍ എന്നിവയൊന്നും ബിസ്‌ക്കറ്റില്‍ അടങ്ങിയിട്ടില്ലെന്നും അദാഫ്‌സ വ്യക്തമാക്കി.
ബിസ്ക്കറ്റിൻ്റെ ലബോറട്ടറി പരിശോധനാഫലം പുറത്തു വരുമ്പോള്‍ വ്യാജ പ്രചരണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ഉല്‍പ്പന്നങ്ങള്‍ യുഎഇ സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്‌കര്‍ഷിക്കുന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതായി അദാഫ്‌സ അറിയിച്ചു. ബിസ്‌കറ്റ് ഉത്പാദനത്തിന്റെ എല്ലാ ഘട്ടങ്ങളിലും ‘മദ്യം, ആല്‍ക്കഹോള്‍ ഉല്‍പന്നങ്ങള്‍, എഥൈല്‍ ആല്‍ക്കഹോള്‍ (എഥനോള്‍) എന്നിവ ചേര്‍ക്കുന്നതിന് യുഎഇ സ്റ്റാന്‍ഡേര്‍ഡിൻ്റെ കര്‍ശന വിലക്കുണ്ട്.