പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡൻറ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ജനുവരി ഒമ്പതിന് ഗുജറാത്തിൽ റോഡ് ഷോ നടത്തും. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഗാന്ധിജിയുടെ ആശ്രമമായിരുന്ന സബർമതി ആശ്രമം വരെയായിരിക്കും ഈ റോഡ് ഷോ.
ജനവരി 10 മുതൽ 12 വരെ നടക്കുന്ന വൈബ്രൻറ് ഗുജറാത്ത് നിക്ഷേപസംഗമത്തിൽ പങ്കെടുക്കാനാണ് യുഎഇ പ്രസിഡൻറ് ഗുജറാത്തിൽ എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ജനവരി ഒമ്പതിന് യുഎഇ പ്രസിഡന്റിനെ നേരിട്ട് വിമാനത്താവളത്തിൽനിന്നും സ്വീകരിക്കുക. ഇരുരാജ്യങ്ങളിലെയും ഔദ്യോഗികപ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്.
ഗുജറാത്ത് ഗവൺമെന്റ് ആതിഥേയത്വം വഹിക്കുന്ന ദ്വിവത്സര പരിപാടിയായ ഗുജറാത്ത് സമ്മിറ്റ് 2024, പ്രധാന ആഗോള നേതാക്കളുടെ സാന്നിധ്യത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്.