ഒരു കോടി രൂപയുടെ സ്വര്‍ണവുമായെത്തിയ 19 വയസ്സുകാരി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പൊലീസിന്റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ സ്വർണ്ണ മിശ്രിതം ഒളിപ്പിച്ചു കടത്താനുളള ശ്രമത്തിനിടെയാണ് യുവതി കുടുങ്ങിയത്.
ഉൾവസ്ത്രത്തിനുളളില്‍ പ്രത്യേകരീതിയില്‍ തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു സ്വര്‍ണമിശ്രിതം. 1,884 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. മൂന്ന് പാക്കറ്റുകളാക്കിയാണ് സ്വര്‍ണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചത്. ഇതിന് ആഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരുമെന്നാണ് നിഗമനം.
യുവതി കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയെങ്കിലും പൊലീസിന്‍റെ പിടിയിലാവുകയായിരുന്നു. യുവതി സ്വർണവുമായി എത്തുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കൃത്യമായ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നീക്കം. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സ്വർണക്കടത്തുമായി ബന്ധമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനുളള ശ്രമങ്ങളും യുവതി നടത്തി. എന്നാല്‍ ദേഹപരിശോധനയില്‍ സ്വര്‍ണം കണ്ടെത്തുകയായിരുന്നു.
ഞായറാഴ്ച രാത്രി പത്തരക്ക് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സപ്രസിലാണ് യുവതി എത്തിയത്. പൊലീസ് വിവരം നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് തുടര്‍നടപടികൾ സ്വീകരിച്ചു. സ്വർണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിച്ചെടുത്ത സ്വർണം കോടതിയില്‍ സമര്‍പ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി.