ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ശുക്രനിലേക്ക് 1,000 മനുഷ്യരെ അയക്കാൻ ഒരുങ്ങുന്നു. ആഴക്കടലിലെ ടൈറ്റാനിക് സന്ദർശനം വലിയ ദുരന്തത്തിനു വഴിവച്ചതിന്റെ ഞെട്ടൽ മാറുന്നതിനു മുൻപാണ് പുതിയ പദ്ധതിയുമായി ഗില്ലർമോ സോൺലൈൻ രംഗത്ത് വന്നിരിക്കുന്നത്. 2050 ഓടെയായിരിക്കും സോൺലൈനിന്റെ ശുക്രൻ പര്യവേക്ഷണം നടക്കുക എന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു.
‘‘ഓഷൻഗേറ്റിനെ മറക്കു, ടൈറ്റനെ മറക്കു, സ്റ്റോക്ടനെ മറക്കു, വലിയ മുന്നേറ്റത്തിന്റെ വക്കിലാണു മനുഷ്യകുലം. ശുക്രന്റെ പ്രതലത്തിൽനിന്ന് 30 മൈലുകൾക്കു മുകളിൽ മനുഷ്യർക്കു താമസിക്കാൻ കഴിയും, അവിടെ താപനിലയും സമ്മർദ്ദവും കുറവായിരിക്കും’’–സോൺലൈൻ പറഞ്ഞു.
ശുക്രനിൽ മനുഷ്യവാസം ഒരുക്കുക എന്നത് തന്റെ അഭിലാഷമാണെന്ന് സോൺലൈൻ പറഞ്ഞു. ‘ഇത് അഭിലാഷമാണ്, ഒരുപക്ഷേ 2050 ഓടെ ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു,’ സോൺലൈൻ ബിസിനസ് ഇൻസൈഡറിനോട് പറഞ്ഞു.
അതേസമയം പുതിയ പദ്ധതി നടപ്പിലാക്കാൻ പോകുന്നത് ഓഷൻഗേറ്റല്ല. സോൺലൈന്റെ ഹ്യൂമൻസ്2വീനസ് എന്ന കമ്പനിയാണു ശുക്രനിലേക്കു മനുഷ്യരെ അയക്കുന്നതിനു പിന്നിൽ. 2020ലാണു കമ്പനി രൂപീകരിച്ചത്. ശുക്രന്റെ അന്തരീക്ഷത്തിൽ സ്ഥിരമായ മനുഷ്യവാസം ഉറപ്പിക്കുകയാണു കമ്പനിയുടെ ലക്ഷ്യം. ഭൂമിയോടു സമാനമായ ഗുരുത്വാകർഷണം, 0–50 ഡിഗ്രി സെൽഷ്യസ് താപനില തുടങ്ങിയവ അനുകൂല കാര്യങ്ങളാണെന്നു ഹ്യമൂൻസ്2വീനസ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.