മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സക്കായി വീണ്ടും ബെംഗളൂരുവിലേക്ക് കൊണ്ടുപോകാൻ സാധ്യത. ന്യൂമോണിയ സ്ഥിരീകരിച്ചതോടെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് സന്ദർശിക്കും. മുഖ്യമന്ത്രി നിർദേശിച്ചതിന് പിന്നാലെയാണ് സന്ദർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ഫോണിൽ വിളിച്ച് ആരോഗ്യസ്ഥിതി അന്വേഷിച്ചിരുന്നു.
അതേസമയം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾ തയാറാകുന്നില്ലെന്ന് കാട്ടി സഹോദരൻ അലക്സ് ചാണ്ടിക്ക് പിന്നാലെ മകൻ അജയ് അലക്സും രംഗത്തെത്തി. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലാണെന്ന് മനസിലാക്കിയാണ് തന്‍റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിപ്പെട്ടത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് മാധ്യമങ്ങളോട് പറഞ്ഞു.