മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കാനുളള നീക്കവുമായി നോർക്ക. സമഗ്രമായ ഇൻഷുറൻസ് പദ്ധതിക്ക് നടപടികൾ സ്വീകരിച്ച് വരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള പ്രവാസികളെ പരിഗണിച്ചുകൊണ്ടാണ് നീക്കം. ഡൽഹിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു പി. ശ്രീരാമകൃഷ്ണന്‍.
കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ പഠിക്കും. അനിയോജ്യമായ രീതിയിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് കൂടിയാലോചനകൾ നടത്തും. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നോർക്ക യോഗം തുടരുകയാണെന്നും പി ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഡല്‍ഹിയിലെ യോഗത്തില്‍ നിരവധി ആവശ്യങ്ങലും പ്രവാസികൾ ഉന്നയിച്ചു. എൻ.ആർ.കെ ഇൻഷുറസ് കാർഡിൽ കേരളത്തിലെ വിലാസം ഉൾപ്പെടുത്തുക, വിദേശത്ത് നിയമ സഹായ സെല്ലുകൾ രൂപീകരിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുക തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യമുയര്‍ന്നു.
ലോക കേരള സഭ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ ഉണ്ടാക്കാൻ നടപടിയുണ്ടാവണമെന്നും ആവശ്യമുയര്‍ന്നു. ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ ഡയറക്ടറി തയ്യാറാക്കാനും നടപടികളായി. യോഗത്തില്‍ ഉയര്‍ന്ന വിവിധ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.