മൂന്നാം മോദി സർക്കാരിലെ ആദ്യ ബജറ്റ് ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സിതാരാമനാണ് ബജറ്റ് അവതരിപ്പിക്കുക. സ്വതന്ത്ര ഇന്ത്യയിൽ തുടർച്ചയായി ഏഴു തവണ ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന നേട്ടം ഇന്ന് നിർമല സിതാരാമന് സ്വന്തമാകും. ആറ് ബജറ്റവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് നിർമല മറികടക്കുന്നത്.
ബീഹാറിനും ആന്ധ്രാപ്രദേശിനും കൂടി ഒരു ലക്ഷം കോടിയിലേറെ തുകയുടെ പദ്ധതികളാണ് കേന്ദ്രത്തിൽ സമർപ്പിച്ചിരിക്കുന്നത്. ഇൻഡ്യ മുന്നണിയിലെ കക്ഷികൾ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹമായ തുക അനുവദിക്കുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോഴാണ് ബജറ്റ് അവതരണം. ബജറ്റിൽ സഹായകരമായ എന്തൊക്കെ പദ്ധതികൾ ലഭിക്കുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങൾ.
ഏറ്റവും കൂടുതൽ പേര് ജീവിത വരുമാനമായി കാണുന്ന കാർഷിക രംഗത്തെ വളർച്ച തിരികെ പിടിക്കാനുതകുന്ന പദ്ധതികൾ ജനങ്ങൾ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളമൊഴികെ 22 സംസ്ഥാനങ്ങൾക്ക് എയിംസ് പ്രഖ്യാപിച്ചിട്ടുണ്ട്. ദാരിദ്ര്യ സൂചികയ്ക്ക് ആനുപാതികമായിട്ടല്ല തൊഴിലുറപ്പ് പദ്ധതിയുടെ പണം വിതരണമെന്ന് സാമ്പത്തിക സർവെയിൽ ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനങ്ങൾക്കുള്ള തുകയിൽ കുറവ് വരുത്തിയാൽ കേരളത്തിന് വലിയ തിരിച്ചടിയാകും. സാമ്പത്തിക സർവേയിൽ കാർഷിക മേഖലയിലെ ജിഡിപി 4.7 ൽ നിന്നും 1.4 ഇടിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്.