യുഎഇയുടെ പുതിയ പ്രസിഡന്‍റായി ചുമതല ഏറ്റെടുത്ത ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്റെ ഭരണശൈലി ഏതുവിധമാകുമെന്ന ആകാംഷയില്‍ ലോകം. അതിവേഗ തീരുമാനങ്ങളെടുക്കുന്നതില്‍ നിപുണനായ ശൈഖ് മുഹമ്മദ് മുന്‍ഗാമികൾ സ്വീകരിച്ച സമീപനങ്ങൾ തുടരുമെങ്കിലും കൂടുതല്‍ ജനകീയ പ്രഖ്യാപനങ്ങൾ നടത്തുമെന്നാണ് പ്രതീക്ഷ.
യുഎഇയുടെ രാഷ്ട്രീയ സമീപനങ്ങളും ലോക രാജ്യങ്ങളോടുളള ബന്ധവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍ കൈകാര്യം ചെയ്യുന്നത് എങ്ങനെയാകുമെന്നറിയാനുളള ആകാംഷയിലാണ് ലോക രാഷ്ട്രങ്ങൾ. ലോക രാജ്യങ്ങളുമായും നേതാക്കളുമായും ശൈഖ് മുഹമദ്ദിനുളള ബന്ധം അന്താരാഷ്്ട്ര രാഷ്ട്രീയത്തില്‍ പ്രതിഫലിക്കുമെന്നാണ് സൂചനകൾ.
വേൾഡ് എക്പോയുടെ വന്‍ വിജയത്തോടെ ലോക രാഷ്ട്രങ്ങൾ യുഎഇയുമായി ഏറെ അടുത്തിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായി ബിസിനസ് വ്യാപാര കരാറുകളില്‍ ഏര്‍പ്പെടാന്‍ ചര്‍ച്ചകളും മുന്നോട്ടുപോവുകയാണ്. വ്യാപരത്തിന് പുറമെ പ്രതിരോധ- സമുദ്ര സുരക്ഷാ മേഖലകളിലും ബഹിരാകാശ പരീക്ഷണങ്ങളിലും യുഎഇ കൂടുതല്‍ ശക്തമാകുമെന്നും വിവിധ രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും വിലയിരുത്തലുകളുണ്ട്.
അറബ് മേഖലയിലെ സമാധാനം നിലനിര്‍ത്തുന്നതിന്് യുഎഇ സ്വീകരിക്കുന്ന നിലപാടുകളും പ്രസക്തമാകും. യുഎഇയുമായുളള ബന്ധം അരക്കിട്ടുറപ്പിക്കുന്നതിന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍റെ സ്ഥാനാരോഹണത്തില്‍ ആശംസ അറിയിച്ച് മിക്ക ലോകരാഷ്ട്രങ്ങളും രംഗത്തെത്തിയിരുന്നു