എയർ ഇന്ത്യ വിമാനത്തിൽ ജീവനക്കാരോട് മോശമായി പെരുമാറുകയും ശുചിമുറിയുടെ വാതിൽ തകർക്കുകയും ചെയ്ത യാത്രക്കാരനെതിരെ കേസ് എടുത്ത് ഡൽഹി പോലീസ്. മഹേഷ് പണ്ഡിറ്റ് എന്ന നേപ്പാൾ സ്വദേശിയ്ക്കെതിരെയാണ് കേസെടുത്തത്. ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച വിമാനത്തിലായിരുന്നു പരാക്രമം.
മഹേഷ് പണ്ഡിറ്റ് സീറ്റ് മാറാൻ ശ്രമിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. സീറ്റ് മാറുന്നത് തടഞ്ഞ ക്രൂ അംഗങ്ങൾക്കെതിരെ ഇയാൾ അസഭ്യം പറഞ്ഞു. പിന്നീട് വിമാനത്തിലെ ശുചിമുറിയിൽ ഇയാൾ സിഗരറ്റ് ലൈറ്റ് കത്തിക്കാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിച്ച ക്യാബിൻ സൂപ്പർവൈസർ ആദിത്യകുമാറിനേയും അസഭ്യം പറഞ്ഞു. വിമാനം ഡൽഹിയിലെത്തിയപ്പോൾ ആദിത്യകുമാറാണ് മഹേഷ് പണ്ഡിറ്റിനെതിരെ പരാതി നൽകിയത്.
ശുചിമുറിയുടെ വാതിൽ തുറന്നപ്പോൾ മഹേഷ് പണ്ഡിറ്റ് തന്നെ തള്ളിയിട്ട് സീറ്റിലേയ്ക്ക് ഓടിയതായി ആദിത്യകുമാറിന്റെ പരാതിയിൽ പറയുന്നു. ബലം പ്രയോഗിച്ച് ശുചിമുറിയുടെ വാതിൽ തകർത്തു. മറ്റ് ജീവനക്കാരുടേയും യാത്രക്കാരുടേയും സഹായത്തോടെയാണ് മഹേഷ് പണ്ഡിറ്റിനെ പിടിച്ചുനിർത്തിയതെന്നും ജീവനക്കാരന്റെ പരാതിയിൽ പറയുന്നു.