മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷാ തീയതി പുനക്രമീകരിച്ചു. ജൂലൈ ഏഴിലേക്ക് പരീക്ഷ മാറ്റിയതായി നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ ഇൻ മെഡിക്കൽ സയൻസസ് വിജ്ഞാപനം ഇറക്കി. നേരത്തെ മാർച്ച് മൂന്നിന് പരീക്ഷ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
രാജ്യത്ത് മെഡിക്കൽ പ്രാക്ടീസിന് രജിസ്റ്റർ ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയായ നാഷണൽ എക്സിറ്റ് ടെസ്റ്റ് ഒരു വർഷം കൂടി വൈകുമെന്നാണ് റിപ്പോർട്ട്. നേരത്തെ 2023-ൽ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. പിജി പ്രവേശനവുമായി ബന്ധപ്പെട്ട് നാഷണൽ എക്സിറ്റ് ടെസ്റ്റ് യാഥാർഥ്യമാകുന്നത് വരെ നിലവിലെ പരീക്ഷാരീതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നീറ്റ് പിജി 2024-ൻ്റെ ഇൻ്റേൺഷിപ്പ് പൂർത്തിയാക്കുന്നതിനുള്ള കട്ട് ഓഫ് തീയതി ഓഗസ്റ്റ് 15 ആയിരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾ nbe.edu.in, natboard.edu.in എന്ന വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.