ലേഡി സൂപ്പർ സ്റ്റാർ എന്നാണ് നയൻതാരയെ തെന്നിന്ത്യൻ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. ഈ വിശേഷണത്തിൽ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് നയൻതാര. തന്നെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്നാണ് താരം പറയുന്നത്. ആ ടാഗ് ലൈനോടെ വിളിക്കുന്നത് ശകാരിക്കുന്നതുപോലെയാണ് തോന്നുന്നതെന്ന് നയൻതാര പറയുന്നു. അങ്ങനെ ഒരു പദവിയിലേക്ക് താൻ വന്നിട്ടുണ്ടോ എന്ന് തനിക്കറിയില്ലെന്നും ആ ടാഗ് തനിക്ക് എല്ലാവരും തന്ന സ്നേഹമാണെന്നും അന്നപൂരണി എന്ന സിനിമയുടെ ഭാഗമായി നടന്ന പരിപാടിക്കിടെ നയൻതാര പറഞ്ഞു.
ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ലൈനിൽ അല്ല താൻ സിനിമ ചെയ്യുന്നതെന്നും താരം പറയുന്നു. ദയവ് ചെയ്ത് എന്നെ അങ്ങനെ വിളിക്കരുത്. ആരെങ്കിലും അങ്ങനെ എന്നെ കുറിച്ച് പറയുമ്പോൾ പലപ്പോഴും ശകാരിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.അങ്ങനെ ഒരു ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് ഞാൻ വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല. പടത്തിൽ പറയുന്നത് പോലെ, ഒരു പെണ്ണ് ആയത് കൊണ്ട് അങ്ങനെ ഒരു ടാഗ് ഉണ്ടാകരുത് എന്ന് ചിന്തിക്കുന്നത് കൊണ്ടാണോ എന്നറിയില്ല.
ആ ഒരു ടാഗിൽ എന്നെ വിളിക്കുമ്പോൾ, ഒരു പത്ത് പേർ അഭിമാനത്തോടെയും സന്തോഷത്തോടെയും വിളിക്കുകയാണെങ്കിൽ ഒരു അമ്പത് പേർ ശകാരിക്കുന്നത് പോലെയാണ്. എന്റെ സിനിമയിലെ യാത്രയും എന്റെ വിഷയങ്ങളും ഞാൻ എങ്ങനെയുള്ള സിനിമ ചെയ്യണമെന്നും എങ്ങനെയുള്ള സ്ക്രിപ്റ്റ് ഞാൻ തെരെഞ്ഞെടുക്കണമെന്നും ഒക്കെയുള്ള കാര്യങ്ങൾ ആ ടാഗിനെ ബേസ് ചെയ്തല്ലെന്നും നയൻസ് കൂട്ടിച്ചേർത്തു.