കന്നിയാത്രയിൽ കോഴിക്കോട്– ബെംഗളൂരു നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ബസിന്റെ ശുചിമുറിയുടെ ഫ്ലഷിന്റെ ബട്ടൺ ആരോ ഇളക്കിമാറ്റുകയായിരുന്നു. ഇന്നലെയാണ് സംഭവമുണ്ടായത്. ഇന്നു രാവിലെ നവകേരള ബസ് ശുചിമുറി സൗകര്യമില്ലാതെയാണ് ബെംഗളൂരുവിലേക്ക് പോയത്.
അതേസമയം ആദ്യ യാത്രയിൽ ബസിന്റെ വാതിലിന് തകരാർ സംഭവിച്ചെങ്കിലും താൽക്കാലികമായി അത് പരിഹരിച്ച് യാത്ര തുടരുകയായിരുന്നു.
യാത്ര തുടങ്ങി അൽപ്പസമയത്തിനകം ബസിന്റെ ഹൈഡ്രോളിക് ഡോർ കേടാകുകയായിരുന്നു. ബസിൻ്റെ വാതിൽ ഇടയ്ക്കിടെ തനിയെ തുറന്നുപോകുകയായിരുന്നു. ശക്തമായി കാറ്റ് അടിക്കാൻ തുടങ്ങിയതോടെ കാരന്തൂർ എത്തിയപ്പോൾ ബസ് നിർത്തുകയും യാത്രക്കാരുടെ നേതൃത്വത്തിൽ ബാഗിൻ്റെ വള്ളി ഉപയോഗിച്ച് വാതിൽ കെട്ടിവെയ്ക്കുകയും യാത്ര തുടരുകയുമായിരുന്നു. പിന്നീട് ബത്തേരി ഡിപ്പോയിൽ എത്തിയാണ് വാതിലിന്റെ തകരാർ പരിഹരിച്ചത്.
താമരശേരി, കല്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു വഴിയാണ് ബസ് സർവീസ് നടത്തുന്നത്. 1,171 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി ബസുകൾ ക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും യാത്രക്കാർ നൽകണം. എന്നാൽ ബസിന്റെ സമയക്രമം യാത്രക്കാർക്കു സൗകര്യപ്രദമല്ലെന്നാണ് വിലയിരുത്തൽ. പുലർച്ചെ നാല് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെട്ട് 11.30-ന് ബസ് ബംഗളൂരുവിലെത്തും. തുടർന്ന് ഉച്ചയ്ക്ക് 2.30-ന് ബംഗളൂരുവിൽ നിന്ന് യാത്രയാരംഭിച്ച് രാത്രി 10 മണിക്ക് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ബസിന്റെ സമയം ക്രമീകരിച്ചിരിക്കുന്നത്.