സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായി എഴുത്തുകാരൻ എൻ ഇ സുധീർ. ഇതുസംബന്ധിച്ച് എൻ ഇ സുധീർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ. വീട്ടിൽ ചെന്നു കണ്ടപ്പോൾ നാളെ KLF ഉദ്ഘാടന വേദിയിൽ ചിലതു പറയുമെന്നും എല്ലാം വിശദമായി എഴുതി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും എംടി പറഞ്ഞിരുന്നു. അതിത്രയും കനപ്പെട്ട ഒരു രാഷ്ട്രീയ വിമർശനമാവുമെന്ന് ഞാനും കരുതിയിരുന്നില്ല. പരിപാടി കഴിഞ്ഞു കണ്ടപ്പോൾ ഞങ്ങൾ അതെപ്പറ്റി സംസാരിച്ചു.
എംടി എന്നോട് പറഞ്ഞത് ഇതാണ്. ” ഞാൻ വിമർശിക്കുകയായിരുന്നില്ല . ചില യാഥാർത്ഥ്യം പറയണമെന്നു തോന്നി. പറഞ്ഞു. അത്ര തന്നെ. അത് ആർക്കെങ്കിലും ആത്മവിമർശനത്തിന് വഴിയൊരുക്കിയാൽ അത്രയും നല്ലത്. ” തന്റെ കാലത്തെ രാഷ്ട്രീയയാഥാർത്ഥ്യത്തെ കൃത്യമായി അടയാളപ്പെടുത്തുകയായിരുന്നു എംടി. കാലം അങ്ങയോട് കടപ്പെട്ടിരിക്കുന്നു. ഇത് മറ്റാരു പറഞ്ഞാലും കേരളം ഇത്രയും ഗൗരവത്തോടെ ഏറ്റെടുക്കുമായിരുന്നില്ല. എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിലായിരുന്നു എം ടിയുടെ വിമർശനം. നേതൃപൂജകളിൽ ഇഎംഎസ്സ് വിശ്വസിച്ചില്ലെന്നും ഇഎംഎസ്സാണ് യഥാർഥ കമ്യൂണിസ്റ്റെന്നും എം ടി ചൂണ്ടിക്കാണിച്ചു. അധികാരത്തിലുള്ളവർ അത് ഉൾക്കൊള്ളണം. അധികാരം എന്നാൽ ആധിപത്യമോ, സർവ്വാധിപത്യമോ ആയി മാറിയെന്നും അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടിയെന്നും എം ടി കുറ്റപ്പെടുത്തി. വിപ്ലവം നേടിയ ജനാവലി ആൾക്കൂട്ടം ആയി മാറുന്നു. ഈ ആൾക്കൂട്ടത്തെ, ആരാധകരും, പടയാളികളും ആക്കുന്നു എന്ന ശക്തമായ വിമർശനവും എം ടി ഉന്നയിച്ചിരുന്നു.