അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ദിനവുമായി ബന്ധപ്പെട്ട പ്രസ്‌താവനയിൽ സൈബർ ആക്രമണം നേരിടുന്ന ഗായിക കെ.എസ് ചിത്രയെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശോഭനയും ഗായിക ചിത്രയും നാടിന്റെ പൊതുസ്വത്താണെന്നും അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശരിയല്ലെന്നുമാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്.
“അടുത്തിടെ നമ്മുടെ നാട്ടിൽ ചില വിവാദങ്ങളും ഉയർന്നുവന്നിട്ടുണ്ട്. നമ്മുടെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട, നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന പ്രതിഭയായ ചിത്ര സ്വീകരിച്ച ചില നിലപാടുകളുമായി ബന്ധപ്പെട്ടും വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ അതിന്റെ പേരിൽ ചിത്രയ്ക്കെതിരായി നീങ്ങുന്നതിൽ സിപിഎമ്മിന് യോജിപ്പില്ല. മുമ്പ് ശോഭന ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നുവന്നപ്പോഴും ഞാൻ നിലപാട് വ്യക്തമായിത്തന്നെ പറഞ്ഞതാണ്.
ഇന്ത്യയിലെ പ്രധാനപ്പെട്ട നർത്തകിയും നടിയുമെല്ലാമാണ് ശോഭന. ഇവരെല്ലാം തന്നെ ഈ നാടിൻ്റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കി അങ്ങോട്ടും ഇങ്ങോട്ടും മാറ്റേണ്ടതില്ല. അവരുടെ നിലപാടിനെക്കുറിച്ച് വിമർശനാത്മകമായി സംസാരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവർ നമ്മൾ ഇഷ്‌ടപ്പെടുന്ന സിനിമാരംഗത്തെ അതികായരല്ലേ. സാഹിത്യരംഗം എടുത്താൽ ടി. പത്മനാഭൻ, ഇപ്പോൾ നമ്മളെല്ലാം ഏറെ സംസാരിക്കുന്ന വളരെ പ്രമുഖനായ എം.ടി, എം. മുകുന്ദൻ ഇവരെയെല്ലാം നമ്മൾ ഏതെങ്കിലും നിലപാടിൻ്റെയോ പദപ്രയോഗത്തിന്റെയോ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നമ്മുടെ നാടിൻ്റെ, രാജ്യത്തിന്റെ ഒരു സ്വത്താണെന്ന രീതിയിൽത്തന്നെ കാണണം.
ചിത്രയുടെ വിഷയത്തിലും പാർട്ടിയുടെ നിലപാട് അതുതന്നെയാണ്. എന്തെങ്കിലും കാര്യങ്ങൾ വിമർശനം ഉണ്ടെങ്കിൽ ആ വിമർശനം നടത്തുന്നതിനോട് ഞങ്ങളാരും എതിരല്ല. പക്ഷേ, അതിലുപരി ഇവരെയെല്ലാം രാജ്യത്തെ പ്രമുഖ പ്രതിഭകളായിട്ടാണ് കാണേണ്ടത്” എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്.