മുസ്ലീം ലീഗിന്റെ ഡൽഹി ആസ്ഥാനത്തിന് കേരളം നൽകിയത് 28.02 കോടി രൂപ. ജൂലൈ ഒന്ന് മുതൽ 31 വരെ നടന്ന കാമ്പയിനിലൂടെ കേരളത്തിൽ നിന്നും 26.77 കോടി രൂപയാണ് സമാഹരിച്ചത്. 25 കോടിയായിരുന്നു ലക്ഷ്യം. ലക്ഷ്യമിട്ടതിനേക്കാൾ 3.02 കോടി രൂപയാണ് സംസ്ഥാന കമ്മിറ്റി അധികമായി സമാഹരിച്ചത്. ഓൺലൈൻ വഴിയായിരുന്നു ഫണ്ട് സമാഹരണം.
ലോക്സഭ തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള പണം കൂടിയാണ് ഈ ക്യാമ്പയിനിലൂടെ കണ്ടെത്തുന്നത്. നമ്പർ 86, ദരിയാഗഞ്ച്, ന്യൂഡൽഹി-2 എന്ന വിലാസത്തിലാണ് ലീഗിന്റെ അഖിലേന്ത്യാ ആസ്ഥാനമൊരുങ്ങുന്നത്. ഖാഇദെ മില്ലത്ത് സാംസ്‌കാരിക കേന്ദ്രമാണ് ആസ്ഥാന മന്ദിരമാവുക.
ഫണ്ട് സമാഹരണത്തിൽ മുന്നിലെത്തിയ ശാഖ, തദ്ദേശ, മണ്ഡലം, ജില്ലാ കമ്മിറ്റികളെ അനുമോദിക്കാൻ 19ന് വൈകിട്ട് കോഴിക്കോട് ലീഗ് ഹൗസിൽ യോഗം ചേരും. ക്വാട്ട തികയ്ക്കാത്ത കമ്മിറ്റി ഭാരവാഹികൾക്കെതിരെ നടപടിക്കും സാധ്യതയുണ്ട്. മലപ്പുറം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പണം ശേഖരിച്ചത്. 10 കോടി രൂപ ജില്ലയിൽ നിന്നും ശേഖരിച്ചു. അംഗത്വ ശരാശരിയുടെ അടിസ്ഥാനത്തിൽ കണ്ണൂരാണ് മുൻപിൽ.പ്‌ളാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നവംബറിൽ ഡൽഹിയിൽ മഹാറാലി സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യാനാണ് ലീഗ് നേതൃത്വം ആലോചിക്കുന്നത്.