കുരങ്ങുപനി പടരുന്നതില്‍ അതീവ ജാഗ്രതയോടെ ലോകരാഷ്ട്രങ്ങൾ. കൂടുതല്‍ രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്് വന്നതോടെയാണ് നീക്കം. ഇതിനകം 16 രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. 108 പേരില്‍ വൈറസ് ബാധ കണ്ടെത്തി.
യുഎസ്, യുകെ എന്നിവിടങ്ങൾക്ക് പുറമെ ഇസ്രായേലിലും കുരങ്ങുപനി സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധിതരെ കണ്ടെത്തുന്നതിനും രോഗികളെ കൈകാര്യം ചെയ്യുന്നതിനും ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഇതുവരെ രോഗം റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളിലും നിരീക്ഷണം ശക്തമാക്കി.
അതേസമയം ക്വാറന്‍റൈന്‍ നടപടികളുമായി ബെല്‍ജിയം രംഗത്തെത്തി. മൂന്ന് പോസിറ്റീവ് കേസുകൾ സ്ഥീരീകരിച്ച പശ്ചാത്തലത്തിലാണ് ബെല്‍ജിയത്തിന്‍റെ നടപടി. പോസിറ്റീവായാൽ 21 ദിവസം ക്വാറന്റൈനിൽ ഇരിക്കണമെന്നാണ് നിര്‍ദ്ദേശം. രോഗബാധിതരില്‍ നിന്ന് സമ്പര്‍ക്കം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. കുട്ടികളിലും ഗര്‍ഭിണികളിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ ലോകാരോഗ്യ സംഘടന കൂടുതല്‍ നിര്‍ദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നാണ് നിഗമനം.