യുഎഇയില്‍ കുരങ്ങുപനി വര്‍ധിക്കുന്നതായി റിപ്പോർട്ടുകൾ. ഇന്നലെ മാത്രം പുതിയ 3 കേസുകളാണ് യുഎഇയില്‍ സ്ഥിരീകരിച്ചത്. അതീവ ജാഗ്രത പുലർത്താനും ആളുകള്‍ കൂടുതലുള്ള ഇടങ്ങളിലെത്തുമ്പോൾ പ്രത്യേകം ശ്രദ്ധിക്കാനും യുഎഇ ആരോഗ്യമന്ത്രാലയം ജനങ്ങളോട് അറിയിച്ചു.
മെയ് 24നാണ് യുഎഇയില്‍ ആദ്യ കുരങ്ങുപനി സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നെത്തിയ യുവതിക്കായിരുന്നു രോഗബാധ. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക തയാറാക്കൽ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രോഗപ്രതിരോധത്തിനായി ഏകീകൃത മെഡിക്കല്‍ ഗൈഡിന്റെ ഊർജിത പ്രവർത്തനങ്ങൾ ഉണ്ടെന്നും യുഎഇ ആരോഗ്യമന്ത്രാലയം അറിയിച്ചു.
അമേരിക്കയുൾപ്പടെയുള്ള രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് യുഎഇയിൽ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും കുരങ്ങുപനിയെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പങ്കുവയ്ക്കാൻ പാടില്ലെന്നും ഔദ്യോഗിക സ്രോതസുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രമേ മുഖവിലയ്ക്ക് എടുക്കാവൂ എന്നും ആരോഗ്യമന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെടുന്നു. മെയ് 24 വരെ 240 കുരങ്ങുപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.