ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഇടക്കാല പ്രസിഡന്റിനെ നിയമിച്ചു. നിലവിൽ രാജ്യത്തിന്റെ വൈസ് പ്രസിഡന്റായ മുഹമ്മദ് മൊക്ബെറിനെയാണ് (68) രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി നിയമിച്ചത്.
50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് റിപ്പോർട്ട്. ഈ തിരഞ്ഞെടുപ്പിലെ മൂന്നംഗ കൗൺസിലിനെ നയിക്കുന്നത് മൊക്ബെറായിരിക്കും. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുമായി അടുപ്പമുള്ളയാളാണ് മൊക്ബെർ. റെയ്‌സി ഇറാന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ 2021ലാണ് മൊക്ബെർ ആദ്യമായി വൈസ് പ്രസിഡന്റാകുന്നത്.
ഖുസെസ്ഥാൻ ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ്, മാനേജിങ് ഡയറക്ടർ, ഡെസ്ഫുൾ ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ, ഡിപ്രിവ്‌ഡ് ഫൗണ്ടേഷനുവേണ്ടിയുള്ള വാണിജ്യ, ഗതാഗത ഡപ്യൂട്ടി മന്ത്രി, ഖുസെസ്താൻ ഡപ്യൂട്ടി ഗവർണർ എന്നീ പദവികളും മൊക്ബെർ വഹിക്കുന്നുണ്ട്. ഇറാൻ ഭരണഘടന അനുസരിച്ച് പ്രസിഡൻ്റ് മരിച്ചാൽ പരമോന്നത നേതാവിന്റെ അനുമതിയോടെ വൈസ് പ്രസിഡൻ്റിന് ഇടക്കാല പ്രസിഡന്റാകാൻ സാധിക്കും.