കെ കെ രമ എംഎല്‍എക്കെതിരായ അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് മുൻ മന്ത്രി എം എം മണി. വിധവയായത് വിധിയെന്ന പരാമര്‍ശം കമ്യൂണിസ്റ്റുകാരനായ താന്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് എം എം മണി പ്രതികരിച്ചു. സ്പീക്കറുടെ ചെയറിന്റെ നിരീക്ഷണത്തെ മാനിക്കുന്നു. ഉദ്ദേശശുദ്ധി വ്യക്തമാക്കാന്‍ അപ്പോള്‍ തന്നെ ശ്രമിച്ചതായിരുന്നുവെന്നും
പരാമര്‍ശം പിന്‍വലിക്കുന്നതായും എം എം മണി വ്യക്തമാക്കി.
‘ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടോ ചിന്തിച്ചിട്ടോ ഇല്ല. അവരുടെ വിധി എന്ന് ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. ‘ ആ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ എം എം മണിയെ സ്പീക്കര്‍ തള്ളി. സഭയില്‍ അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെങ്കിലും ചില പരാമര്‍ശങ്ങള്‍ അനുചിതവും അസ്വീകാര്യവുമാകാമെന്ന് സ്പീക്കർ റൂളിങില്‍ വ്യക്തമാക്കി.
പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്തതും എന്നാല്‍ എതിര്‍പ്പുള്ളതുമായ പരാമര്‍ശങ്ങളില്‍ സഭാ രേഖകള്‍ വിശദമായി പരിശോധിച്ച് പിന്നീട് തീര്‍പ്പുകല്പിക്കലാണ് രീതി. സഭയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പൊതുവില്‍ അംഗീകരിച്ചിട്ടുള്ള ചില വാക്കുകളുണ്ട്.
മുമ്പ് സാധാരണമായി ഉപയോഗിച്ചിരുന്ന ചില വാക്കുകളും പ്രയോഗങ്ങളും തന്നെ ഇപ്പോൾ ഉപയോഗിക്കാന്‍ പാടില്ലാത്തവയായി കണക്കാക്കുന്നുണ്ട്.