മിസോറാമിൽ 27 സീറ്റുമായി സോറം പീപ്പിൾസ് മൂവ്മെന്റ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ എംഎൻഎഫിനെയും കോൺഗ്രസിനെയും പിന്തള്ളി ഇസെഡ് പിഎമ്മിന്റെ തേരോട്ടമാണ് കണ്ടത്. ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടിന്റെ നേതാവും മുഖ്യമന്ത്രിയുമായ സോറംതാംഗയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ഐസ്വാൾ ഈസ്റ്റ്-1ൽ 2101 വോട്ടുകൾക്ക് സോറം പീപ്പിൾസ് മൂവ്മെന്റിന്റെ ലാൽതൻസംഗയാണ് സോറംതാംഗയെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മിസോറമിൽ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ടിന് വെറും പത്ത് സീറ്റുകളിൽ മാത്രമാണ് ലീഡുയർത്താനായത്.
നാൽപ്പത് സീറ്റിൽ 26 ഇടത്ത് ഇസെഡ് പിഎം 11 ഇടത്ത് എംഎൻഎഫ് രണ്ടിടത്ത് ബിജെപി ഒരിടത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവ മുന്നിട്ട് നിൽക്കുന്നു. മുഖ്യമന്ത്രി സോറം താങ്ഗ തോൽവിയിലേക്ക് നീങ്ങുകയാണ്. ഭരണ വിരുദ്ധ വികാരമാണ് എംഎൻഎഫിന് തിരിച്ചടിയായത്. മുഖ്യമന്ത്രി സോറം താങ്ഗ ഐസ്വാൾ ഈസ്റ്റ് മണ്ഡലത്തിൽ സെഡ്പിഎം സ്ഥാനാർത്ഥിയോട് തോറ്റു. ഉപമുഖ്യമന്ത്രി താവ്ൻലുയയും പല മന്ത്രിമാരും തോറ്റു. കോൺഗ്രസിന്റെയും ബിജെപിയുടെയും സംസ്ഥാന അധ്യക്ഷൻമാർ മൂന്നും നാലും സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
‘നാളെയോ മറ്റന്നാളോ ഗവർണറെ കാണും , ഈ മാസം തന്നെ സത്യപ്രതിജ്ഞ ചെയ്യും,’ ശുഭപ്രതീക്ഷ പങ്കുവച്ചുകൊണ്ട് സോറം പീപ്പിൾസ് മൂവ്മെന്റ് അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ ലാൽദുഹോമ പറഞ്ഞു.