കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രണ്ട് വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി. ഇവരെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പിന്തുണ നൽകാൻ സൈക്കോ സോഷ്യല്‍ ടീമിന്റെ സേവനം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് വിദ്യാർത്ഥികളുടെ മൊഴി രേഖപ്പെടുത്തും. അപകട സമയത്തെ കൂടുതൽ ദൃശ്യങ്ങൾ കുട്ടികളുടെ കയ്യിൽ നിന്ന് ശേഖരിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനിടെ പരിപാടിയുടെ സംഘാടകർ ആവശ്യത്തിന് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതിരുന്നതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കും. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ബേബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
ഇതിനിടെ സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ ഇ-മെയിലിലൂടെ വിസിക്കെതിരെ പരാതി നൽകിയിരുന്നു. എന്നാൽ അഭിഭാഷകന്റെ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ല എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചതെന്നാണ് റിപ്പോർട്ട്.