പോപ് സംഗീത രാജാവ് മൈക്കിൾ ജാക്‌സനെ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോൾ താരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. മൈക്കിൾ ജാക്സന് മരിക്കുന്ന സമയത്ത് ഏകദേശം 500 മില്യൻ ഡോളറിലധികം കടക്കെണിയുണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മൈക്കിൾ ജാക്‌സൻ്റെ എസ്റ്റേറ്റ് നടത്തിപ്പുകാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2009ലാണ് പോപ് സംഗീത രാജാവ് മരണപ്പെടുന്നത്. 2024 ജൂൺ 21നാണ് ലോസ് ഏഞ്ചൽസ് കൗണ്ടി സുപ്പീരിയർ കോടതിയിൽ മൈക്കിൾ ജാക്‌സന്റെ വൻ ബാധ്യതയെക്കുറിച്ച് പറയുന്നത്. കടങ്ങളിൽ പലതും ഉയർന്ന പലിശക്ക് പണം വാങ്ങിയതായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. 2013-ൽ എ.ഇ.ജി കോടതിയിൽ സമർപ്പിച്ച രേഖകളിൽ മൈക്കിൾ ജാക്‌സൺ ആഭരണങ്ങൾ, ആർട്, ഫർണിച്ചർ, സമ്മാനങ്ങൾ, യാത്രകൾ, ചാരിറ്റി സംഭാവനകൾ എന്നിവയ്ക്കായി അമിതമായ ചെലവഴിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു.
ലണ്ടൻ, പാരീസ്, ന്യൂയോർക്ക്, മുംബൈ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെടുന്ന ‘ദിസ് ഈസ് ഇറ്റ്’ എന്ന പേരിൽ വലിയൊരു സംഗീത പരിപാടി നടത്താൻ മൈക്കിൾ ജാക്സൺ തീരുമാനിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. അത് ‘ദിസ് ഈസ് ഇറ്റ്’ പ്രമോട്ടർമാരായ എ.ഇ.ജിക്ക് 40 മില്യൻ ഡോളറിന്റെ ബാധ്യതയാണ് വരുത്തിവെച്ചത്. കൂടാതെ മരണസമയത്ത് ജാക്‌സണെതിരെ വിദേശത്തും കാലിഫോർണിയ ഉൾപ്പെടെ നിരവധി ഇടങ്ങളിൽ സാമ്പത്തികമായി ബന്ധപ്പെട്ട പല കേസുകളും നടക്കുന്നുണ്ടായിരുന്നു. മൈക്കിൾ ജാക്‌സനെതിരെ 65 ലധികം പരാതികളാണ് കടക്കാർ സമർപ്പിച്ചിരുന്നത്. എന്നാൽ ഇവയിൽ മിക്ക പരാതികളും മറ്റ് നിയമ നടപടികളും പരിഹരിച്ചതായാണ് നടത്തിപ്പുകാർ പറയുന്നത്.
ജാക്‌സൻ്റെ സ്വത്തിൻ്റെ അവകാശികളായ അമ്മ കാതറിൻ, മക്കളായ പ്രിൻസ് (27),പാരീസ് (25),ബ്ലാങ്കറ്റ് (ബിഗി 22), തുടങ്ങിയവർക്ക് യാതൊരു സാമ്പത്തിക വിഹിതവും ലഭിക്കുന്നില്ലെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. 2021 ലെ ഫെഡറൽ ടാക്‌സ് റിട്ടേണുമായി ബന്ധപ്പെട്ട് ജാക്‌സന്റെ എസ്റ്റേറ്റും ഇൻ്റേണൽ റവന്യൂ സർവീസുമായി (ഐ.ആർ.എസ്) കേസ് നടക്കുന്നതിനാലാണ് അവകാശികൾക്ക് പണം ലഭിക്കാത്തതെന്നാണ് റിപ്പോർട്ട്. എസ്റ്റേറ്റ് ഏകദേശം 700 മില്യൺ ഡോളർ നികുതിയും പിഴയും നൽകാനുണ്ടെന്നാണ് ഐ.ആർ.എസ് അവകാശപ്പെടുന്നത്.