വിഖ്യാത മെക്സികൻ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയർ (66) അന്തരിച്ചു. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. വലിയ ആരാധക പിൻബലമുള്ള 2009-ൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും കായികരംഗത്തോടുള്ള സ്നേഹം കാരണം 2023-ലും അദ്ദേഹം ഇടിക്കൂട്ടിൽ മത്സരിച്ചിരുന്നു.
1976-ലാണ് റേ മിസ്റ്റീരിയോ ഗുസ്‌തി കരിയർ ആരംഭിക്കുന്നത്. മിഗ്വൽ എയ്ഞ്ചൽ ലോപസ് ഡയസ് എന്നാണ് യഥാർത്ഥ നാമം. വളരെ വേഗത്തിൽ ഈ മേഖലയിലെ ലോകശ്രദ്ധ നേടാൻ അദ്ദേഹത്തിന് സാധിച്ചു. ഇതേ മേഖലയിലെ ശ്രദ്ധേയ താരമായ റേ മിസ്റ്റീരിയോ ജൂനിയറിൻ്റെ അമ്മാവനാണ് റേ മിസ്റ്റീരിയോ സീനിയർ.
നിരവധി ആരാധക വലയുള്ള അദ്ദേഹം വേൾഡ് റെസലിങ് അസോസിയേഷൻ, ലൂച്ച ലിബ്രെ എ.എ.എ. വേൾഡ് വൈഡ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ നേടിയിട്ടുണ്ട്. 1990-ലെ റെസ്ലിങ് സ്റ്റാർകേഡ് ലോക ചാമ്പ്യൻഷിപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങളിൽ തൻ്റെ പ്രതിഭ തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.