രണ്ട് മണിക്കൂറോളം ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കിയപ്പോൾ ജനങ്ങൾക്ക് കാര്യമായ നഷ്ടമൊന്നും സംഭവിച്ചില്ല. എന്നാൽ നഷ്ടം സംഭവിച്ചത് മുഴുവൻ മെറ്റയുടെ മേധാവി മാർക്ക് സക്കർബർഗിനാണ്. വെറും ഒരു ദിവസം കൊണ്ട് 300 കോടിയോളം ഡോളറാണ് നഷ്ടമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ സൂചികയിൽ സക്കർബർഗിൻ്റെ ആസ്തി ഒരു ദിവസം കൊണ്ട് 279 കോടി ഡോളർ (23,127 കോടി രൂപ) കുറഞ്ഞ് 17,600 കോടി ഡോളറിലാണെത്തിയത്. കൂടാതെ ആഗോളതലത്തിൽ സേവനങ്ങൾ നിശ്ചലമായതോടെ മെറ്റയുടെ ഓഹരിയിൽ 1.6 ശതമാനത്തിൻ്റെ ഇടിവുണ്ടായി. എങ്കിലും ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം അദ്ദേഹം നിലനിർത്തുകയും ചെയ്തു.
ഇന്നലെ രാത്രി ഏകദേശം ഏഴ് മണിയോടെയാണ് ഇൻസ്റ്റഗ്രാം, ത്രെഡ്സ്, ഫെയ്സ്ബുക്ക് പേജുകൾ തകരാറിലായത്. കാരണമറിയാതെ ജനങ്ങൾ പരിഭ്രാന്തരായതോടെ ‘ചില്ലായി ഇരിക്കൂ ഗയ്സ്, ഉടൻ ശരിയാകും’ എന്ന് മാർക്ക് സക്കർബർഗ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറിന് ശേഷമാണ് വീണ്ടും സാമൂഹ്യമാധ്യമങ്ങൾ പൂർവ്വസ്ഥിതിയിലേയ്ക്ക് വന്നത്.