തൃഷയ്ക്കെതിരായ കേസിൽ നടൻ മൻസൂർ അലിഖാന് തിരിച്ചടി. താരത്തിനെതിരെ മദ്രാസ് ഹൈക്കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. പിഴത്തുക രണ്ടാഴ്ചയ്ക്കകം അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന് നൽകാനും ഉത്തരവിട്ടു. നടൻ ചിരഞ്ജീവി, നടിമാരായ തൃഷ, ഖുശ്ബു എന്നിവർക്കെതിരെ നൽകിയ മാനനഷ്ടക്കേസിലാണ് മൻസൂർ അലി ഖാന് തിരിച്ചടി നേരിട്ടത്.
കേസ് കോടതി തള്ളി. ഒരു കോടി രൂപയാണ് മൻസൂർ അലി ഖാൻ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് നടൻ കേസുമായി സമീപിച്ചതെന്ന് ഹൈക്കോടതി വിമർശിച്ചു. നടന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ കേസ് നൽകേണ്ടത് തൃഷയാണെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ പരാതി നൽകിയത്.
ലിയോ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടി തൃഷയ്ക്കെതിരെ മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തോടെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. ലിയോയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചെന്നായിരുന്നു നടൻ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെയാണ് ആദ്യം രംഗത്തുവന്നത്. ഇതിനു പിന്നാലെ മൻസൂർ അലിഖാനെതിരെ വ്യാപക പ്രതിഷേധമുയർന്നു. തുടർന്ന് താരം മാപ്പുപറഞ്ഞെങ്കിലും തൊട്ടുപിന്നാലെ മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു.