വീട്ടിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തെന്ന തരത്തിൽ തന്റെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നൽകിയതിൽ നിയമനടപടിക്കൊരുങ്ങി നടൻ മണികണ്ഠൻ ആർ ആചാരി. കണക്കിൽപ്പെടാത്ത പണം കണ്ടെടുത്തതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ മണികണ്ഠന് സസ്പെൻഷൻ എന്ന വാർത്തയിലാണ് മണികണ്ഠൻ ആചാരിയുടെ ചിത്രം തെറ്റായി നൽകിയത്.
വാർത്തക്കെതിരെ വീഡിയോ സന്ദേശവുമായി എത്തിയാണ് മണികണ്ഠൻ പ്രതികരിച്ചത്. ‘വാർത്തയിൽ തന്റെ ഫോട്ടോ തെറ്റായി അച്ചടിച്ചത് വളരെയധികം ബാധിച്ചു. അടുത്ത മാസം ചെയ്യേണ്ട തമിഴ് സിനിമയുടെ കൺട്രോളർ എന്നെ വിളിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. നിങ്ങൾ അറസ്റ്റിലായെന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു. അവർക്ക് വിളിക്കാൻ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്. അയാൾ അറസ്റ്റിലായി വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവർ ആലോചിച്ചിരുന്നെങ്കിൽ എൻ്റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്‌ടപ്പെടുമെന്ന് അറിയില്ല.
ജീവിതത്തിൽ ഇതുവരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല. അതുണ്ടാക്കാതിരിക്കാനുള്ള ജാഗ്രത എൻ്റെ ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. ഇപ്പോൾ വളരെ എളുപ്പത്തിൽ എനിക്കൊരു ചീത്തപ്പേര് ഉണ്ടാക്കി തന്നു. വാർത്തക്കെതിരെ നിയമപരമായി മുന്നോട്ടുപോകും’ എന്നാണ് മണികണ്ഠൻ പറഞ്ഞത്.