കോടികളുടെ ലോട്ടറി നിങ്ങൾക്കടിച്ചാൽ എന്തായിരിക്കും അവസ്ഥ. ബോധം പോകുമായിരിക്കും അല്ലേ? എന്നാൽ പിന്നീട് പണം വാങ്ങാൻ ചെല്ലുമ്പോൾ ലോട്ടറി അടിച്ചത് മറ്റൊരാൾക്ക് ആണെന്ന് പറഞ്ഞാലോ? പിന്നീടുള്ള കാര്യം പറയുകയും വേണ്ട. അത്തരമൊരു സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമേരിക്കയിലെ വാഷിങ്ടണിലാണ് നാടകീയമായ സംഭവവികാസങ്ങൾ അരങ്ങേറിയത്.
ഡിസി സ്വദേശിയായ ജോൺ ചീക്‌സ് ആണ് കഥയിലെ നായകൻ. പവർബോളിൻ്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയ ജോൺ അടുത്തദിവസം വെബ്സൈറ്റ് പരിശോധിച്ചപ്പോഴാണ് ആ സന്തോഷ വാർത്ത കാണുന്നത്. ഒന്നാം സമ്മാനമായ 340 മില്യൺ ഡോളർ (ഏകദേശം 2,800 കോടിയോളം രൂപ) അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് അയാൾ മനസിലാക്കി. ആവേശഭരിതനായ അയാൾ ഉടൻ തന്റെ സുഹൃത്തിനെ വിളിച്ച് കാര്യം പറഞ്ഞു. പിന്നീട് സുഹൃത്തിന്റെ നിർദേശപ്രകാരം സമ്മാനം ലഭിച്ചതിന്റെ ഒരു ഫോട്ടോയും ജോൺ എടുത്ത് സൂക്ഷിച്ചു.
പിറ്റേന്ന് ലോട്ടറി ഓഫീസിൽ ചെന്നപ്പോഴാണ് ജോൺ ശരിക്കും ഞെട്ടിയത്. ടിക്കറ്റ് കൊടുത്തതും ഒന്നാം സമ്മാനം ലഭിച്ചത് മറ്റൊരു ടിക്കറ്റിനാണെന്ന് ജീവനക്കാർ ഒന്നടങ്കം പറഞ്ഞു. ഉടൻ താൻ എടുത്ത ചിത്രം ജോൺ ജീവനക്കാരെ കാണിച്ചപ്പോൾ അത് അബദ്ധം സംഭവിച്ചതാണെന്നായിരുന്നു അവർ പറഞ്ഞത്. അതും കേട്ട് തിരിച്ചുപോകാൻ തയ്യാറല്ലായിരുന്ന ജോൺ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കരാർ ലംഘനം, അശ്രദ്ധ, വഞ്ചന എന്നിവയുൾപ്പെടെ എട്ട് വ്യത്യസ്ത കേസുകളാണ് ജോൺ കമ്പനിക്കെതിരെ നൽകിയിരിക്കുന്നത്. ഫെബ്രുവരി 23നാണ് കേസിൽ വാദം കേൾക്കുക. ജോൺ കേസിൽ ജയിക്കുമോ എന്നത് സംബന്ധിച്ച കാര്യങ്ങൾ കാത്തിരുന്ന് കാണാം.