മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡേ സർക്കാരിന് ആശ്വാസം. ഉദ്ധവ് താക്കറെ സർക്കാരിനോട് വിശ്വാസ വോട്ടെപ്പിന് നിർദ്ദേശിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമായിരുന്നെന്ന് സുപ്രീംകോടതി. ഷിൻഡേ സർക്കാരിന് അധികാരത്തിൽ തുടരാൻ തടസ്സമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ രാജിവച്ചതിനാൽ ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന് ബോധ്യമാകുന്ന ഒരു രേഖയും ഗവർണ്ണർക്ക് മുന്നിലില്ലായിരുന്നു എന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബഞ്ച് ചൂണ്ടിക്കാട്ടി. വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമായിരുന്നു. ഇല്ലാത്ത അധികാരമാണ് ഗവർണ്ണർ പ്രയോഗിച്ചതെന്നും സുപ്രീംകോടതി വിമർശിച്ചു. ഉദ്ധവ് താക്കറെ വിശ്വാസവോട്ടെടുപ്പ് നേരിടാതെ രാജിവയ്ക്കുകയായിരുന്നു. അതിനാൽ താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാവില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
ഉൾപാർട്ടി വിഷയങ്ങൾ പരിഹരിക്കാൻ വിശ്വാസവോട്ടെടുപ്പല്ല പരിഹാരമെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാരാഷ്ട്രകേസിൽ സുപ്രീം കോടതി വിധി. ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ ശിവസേനയിലെ ഒരു വിഭാഗം എതിർപ്പുയർത്തിയതോടെയാണ് ഉദ്ധവ് താക്കറെയോട് വിശ്വാസവോട്ട് തേടാൻ അന്നത്തെ ഗവർണ്ണർ ഭഗത് സിംഗ് കോഷിയാരി നിർദ്ദേശിച്ചത്.