മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറിയുമായ എം.എ മുഹമ്മദ് ജമാല്‍ അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വയനാട് മുസ്ലിം ഓർഫനേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. വൈകിട്ട് 7.30ന് സുല്‍ത്താന്‍ ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നിസ്‌കാരവും ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും. വയനാട്ടിലെ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ്. ജില്ലയിലെ നാൽപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദർശിയാണ്. മുസ്ലിംലീഗ് ജില്ല ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ട്രഷറര്‍, വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ചു. 30 വര്‍ഷമായി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. ഭാര്യ നഫീസ പുനത്തില്‍. മക്കള്‍ അഷ്റഫ്, ജംഹര്‍, ഫൗസിയ, ആയിശ.
1940 ജനുവരി 19ന് സുല്‍ത്താന്‍ ബത്തേരി മാനിക്കുനിയില്‍ ജനിച്ച ജമാല്‍ മുഹമ്മദ് അബ്ദുറഹീം-ഖദീജ ദമ്പതികളുടെ മകനാണ്. ബത്തേരിയിലും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം.