സൗദിയിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദു റഹീമിന് തണലൊരുക്കാൻ ലുലു ഗ്രൂപ്പ്. റഹീമിന് വീടൊരുക്കി നൽകുമെന്നാണ് ലുലു ഗ്രൂപ്പ് വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്ടർ ഷഹീൻ മുഹമ്മദുണ്ണിയാണ് ഇക്കാര്യം അറിയിച്ചതെന്നും നടപടികൾ ഉടൻ ആരംഭിക്കുമെന്നും റഹീം നിയമ സഹായ സമിതി അറിയിച്ചു. അതേസമയം, നാട്ടില്‍ മടങ്ങിയെത്തുന്ന റഹീമിന് ജോലി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂരും അറിയിച്ചിട്ടുണ്ട്.
നിലവിൽ റഹീമിന്റെ തറവാട് വീട് സ്ഥിതി ചെയ്യുന്നിടത്താണ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കുക. റഹീമിൻ്റെ മോചനത്തിനായി സ്വരുക്കൂട്ടിയ ദയാധനമായ 34 കോടി രൂപ ഇന്ന് സൗദിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറും. മോചനത്തിനുള്ള നിയമപരമായ നടപടിക്രമങ്ങൾ ഇന്ന് കോടതി തുറക്കുമ്പോൾ ആരംഭിക്കുകയും ചെയ്യും. എന്നാൽ തുക കൈമാറിയാലും റഹീമിന്റെ മോചനത്തിനായി രണ്ട് മാസത്തോളം കാത്തിരിക്കേണ്ടി വരും.
റഹീമിനെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള സമ്മതപത്രം മരിച്ച കുട്ടിയുടെ കുടുംബം കോടതിക്ക് കൈമാറിയാൽ ഇന്ത്യൻ എംബസി തുക അക്കൗണ്ടിലേയ്ക്ക് നൽകും. തുടർന്ന് സമ്മതപത്രം സ്വീകരിച്ച് കോടതി ശിക്ഷയിൽ നിന്ന് ഒഴിവാക്കിയാൽ ആ വിധി ജയിൽ അധികൃതർക്ക് കൈമാറും. ഇതിന് ശേഷമായിരിക്കും റഹീമിന്റെ മോചനമുണ്ടാകുക.