ഏഴ് നവജാത ശിശുക്കളെ കൊലപ്പെടുത്തിയ നഴ്സ് ലൂസി ലെറ്റ്ബി എന്ന 33 കാരി കുറ്റക്കാരിയെന്ന് കോടതി. ലണ്ടനിലെ ആശുപത്രിയിൽ നവജാത തീവ്രപരിചരണ വിഭാഗത്തിൽ വെച്ചായിരുന്നു കുഞ്ഞുങ്ങളെ കൊന്നത്. നവജാത ശിശുക്കളുടെ മരണനിരക്കിനെ തുടർന്നാണ് ലൂസി ലെറ്റ്ബി അറസ്റ്റിലായത്. രോഗികളോ മാസം തികായതെ പ്രസവിച്ച കുഞ്ഞുങ്ങളോ ആയിരുന്നു 33 കാരിയുടെ ക്രൂരതയ്ക്ക് ഇരയായത്.
കേസിൽ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2015 ജൂണിനും 2016 ജൂണിനും ഇടയിൽ വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ കൗണ്ടസ് ഓഫ് ചെസ്റ്റർ ഹോസ്പിറ്റലിൽ വെച്ചാണ് ലൂസി 7 നവജാത ശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ലൂസിക്കെതിരെ പരാതികൾ എത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
എയർ എംബോളിസത്തിലൂടെയും കുട്ടികൾക്ക് അമിതമായി പാൽ നൽകിയും ഇൻസുലിൻ വിഷം നൽകിയുമാണ് നഴ്സ് കുട്ടികളെ കൊന്നൊടുക്കിയത്. 22 ദിവസത്തെ വിചാരണയ്ക്കൊടുവിലാണ് മാഞ്ചസ്റ്റർ കോടതി യുവതി കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. ഇന്ത്യൻ വംശജനായ ഡോക്ടർ ഡോ. രവി ജയറാം ആണ് ലൂസിയാണ് കൊലപാതകിയെന്നതിന് തുമ്പ് കൊടുത്തത്. ഡോ. രവി ജയറാം ആണ് ലൂസി ജോലിയിലുള്ളപ്പോഴാണ് കുട്ടികൾ കൊല്ലപ്പെടുന്നതെന്ന സംശയം ആദ്യം ഉന്നയിക്കുന്നത്.യാതൊരു വിധത്തിലുള്ള തെളിവുകളും അവശേഷിപ്പിക്കാതെ അതിസമർഥമായാണ് ലൂസി കൊലപാതകങ്ങൾ നടത്തിയതെന്ന് കോടതി വിലയിരുത്തി.