എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. ഇതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തോട് പ്രതികരിച്ചിരിക്കുകയാണ് താരം. താൻ ഇപ്പോൾ രാഷ്ട്രീയത്തിലേയ്ക്കില്ലെന്നും ആദ്യം മലയാളം പഠിക്കട്ടെയെന്നുമാണ് ശോഭന വ്യക്തമാക്കിയത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുക്കവെയാണ് ശോഭന തന്റെ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു ആദ്യം ശോഭനയുടെ മറുപടി. ’ഇപ്പോൾ ഞാൻ നടി മാത്രമാണ്. ബാക്കിയെല്ലാം പിന്നീട്. ആദ്യം മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും നാളെ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും’ എന്നും ശോഭന പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഇന്ന് വൈകിട്ട് നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയിൽ ശോഭനയും പങ്കെടുക്കും. നേരത്തെ, തൃശൂരിൽ നടന്ന സ്ത്രീശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നടി എത്തിയത്.