ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് നടിയും സംവിധായികയുമായ കങ്കണ റണൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് താരം ജനവിധി തേടുന്നത്. ഔദ്യോഗികമായി ബി.ജെ.പിയിൽ അംഗത്വം നേടിയതുവഴി താൻ ആദരിക്കപ്പെട്ടുവെന്നും അഭിമാനിക്കുന്നുവെന്നും കങ്കണ സാമൂഹ്യമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കി.
“എന്റെ പ്രിയപ്പെട്ട ഭാരതത്തിൻ്റെയും ഭാരതീയ ജനതയുടെ സ്വന്തം പാർട്ടിയായ ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) എപ്പോഴും എന്റെ നിരുപാധിക പിന്തുണയുണ്ട്. ഇന്ന് ബിജെപിയുടെ ദേശീയ നേതൃത്വം എന്നെ എന്റെ ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ അവരുടെ ലോക്സഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡിൻ്റെ തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. പാർട്ടിയിൽ ഔദ്യോഗികമായി ചേരുന്നതിൽ എനിക്ക് അഭിമാനവും സന്തോഷവും തോന്നുന്നു. യോഗ്യയായ ഒരു കാര്യകർത്തയും വിശ്വസ്‌തയായ ഒരു പൊതുപ്രവർത്തകയുമാകാനാണ് ആഗ്രഹിക്കുന്നത്. നന്ദി” എന്നാണ് താരം കുറിച്ചത്.
കഴിഞ്ഞ ദിവസം പുറത്തിറക്കിയ അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് കങ്കണ ഇടം നേടിയത്. മാണ്ഡി ജില്ലയിലെ ഭാംബ്ലയിൽ ജനിച്ച കങ്കണ സ്വന്തം നാട്ടിൽ നിന്ന് തന്നെയാണ് ജനവിധി തേടുന്നത്. ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പിന്തുണ നൽകുന്ന താരം തനിക്ക് രാഷ്ട്രീയത്തിലേയ്ക്കിറങ്ങാൻ പദ്ധതിയുണ്ടെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.